കൊച്ചി: ( www.truevisionnews.com ) നെടുമ്പാശ്ശേരിയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് നിഗമനം. സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുപത്തിന്നാലുകാരനായ ഐവിന്‍ ജിജോ എന്ന യുവാവ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്.

എന്നാല്‍ ദൃക്‌സാക്ഷികളുടെ മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ഐവിന്റെ മരണം മനഃപൂര്‍വ്വം കാറിടിപ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ ഇടിച്ച കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റേതാണ്.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയ്ക്ക് നായിത്തോട് വെച്ചാണ് സംഭവമുണ്ടായത്. യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥനായ വിനയകുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് യുവാവ് കാറിന്റെ മുന്നില്‍ കയറി നിന്നു. യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കടന്നുകളയുകയായിരുന്നു.
കുറേദൂരം യുവാവ് കാറിന്റെ ബോണറ്റില്‍ തങ്ങിക്കിടന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ബോണറ്റില്‍ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ട് കാര്‍ ഓടിച്ചിരുന്നതായും വിവരമുണ്ട്.
ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു.
വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഐവിന്‍. സംഭവം നടന്ന സ്ഥലത്തിനുസമീപത്തുള്ള ഗ്രൗണ്ടില്‍ കളിച്ചശേഷം ബൈക്കിനുസമീപത്തേക്ക് വന്ന സമയത്താണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഐവിന്‍ ഫോണില്‍ പകര്‍ത്തിയതായാണ് വിവരം. പ്രതി വിനയകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
kochi cisf officers arrested youth death
