കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ മുഴുവൻ കണ്ണികളെയും പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കാസർകോട് പടന്ന തെക്കേപ്പുറം ഈതാലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ മുബാറക്ക് വില്ലയിൽ ഹാരിസ് (47) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം.
ചന്തേര പൊലീസിന്റെ സഹായത്തോടെയാണ് പടന്ന സ്വദേശികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.കണ്ണൂരിലെ ബാറിൽ ബില്ലടക്കാൻ കള്ളനോട്ട് നൽകിയതോടെ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും പ്രവാസിയുമായ എം.എ. ഷിജു കഴിഞ്ഞയാഴ്ച അറസ്റ്റിലായതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ ശോഭയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തിരുന്നു.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരിലേക്ക് പൊലീസ് എത്തിയത്. കേസിൽ കൂടുതൽപേർ അറസ്റ്റിലാകുമെന്നാണ് വിവരം.
കള്ളനോട്ട് ഇടപാടിൽ കാസർകോട്, കർണാടക സംഘത്തിന് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് പടന്ന സ്വദേശികളുടെ അറസ്റ്റ്. കള്ളനോട്ട് മാഫിയയെ പൂട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നതിനാൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്.
#Counterfeit #notes #Kannur #Two #more #arrested