വൈക്കം: (truevisionnews.com) മൂന്നാറിന് പോകാനായി തിരിച്ച കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈക്കം മറവന്‍തുരുത്ത് പാറപ്പുറം നൗബിന്‍ (30), ഭാര്യ ഷഹനാസ് (26), മക്കളായ നൂഹ മറിയം (നാല്), നിഹ മറിയം (രണ്ട്) എന്നിവര്‍ സഞ്ചരിച്ച കാറാണ് ബുധനാഴ്ച പുലര്‍ച്ചെ നാലോടെ ഗുരുകൃപ റോഡില്‍ മണിയശ്ശേരി ക്ഷേത്രത്തിനുസമീപം മുട്ടത്തുകുളത്തിലേക്ക് മറിഞ്ഞത്.
വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു അപകടം. ആലപ്പുഴയിലുള്ള വീട്ടുകാരുമൊത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോകാനായി പുലര്‍ച്ചെ മറവന്‍തുരുത്തിലെ വീട്ടില്‍നിന്നിറങ്ങി, വീതികുറഞ്ഞ റോഡില്‍ വളവ് തിരിക്കുന്നതിനിടെ തിട്ടയിടിഞ്ഞ് കുളത്തിലേക്ക് മറിയുകയായിരുന്നു.
വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഗ്ലാസ് താഴ്ത്തിയിട്ടിരുന്ന വിടവിലൂടെ വാതില്‍തുറന്ന് നൗബിന്‍ ആദ്യം പുറത്തിറങ്ങി. തുടര്‍ന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും കരയിലെത്തിച്ചു.
സമീപത്ത് വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചത് ആരും അറിഞ്ഞില്ല. കുളത്തില്‍ വെള്ളം കുറവായതും കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതുമാണ് രക്ഷയായതെന്ന് നൗബിന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പരിക്കേറ്റ നൗബിന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
#car #flipped #upside #down #pond #family #miraculously #survived