May 7, 2024 10:17 PM

ഡൽഹി : (truevisionnews.com)  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ കാര്യത്തിൽ സെലിബ്രിറ്റികൾക്കും സോഷ്യൽ ഇൻഫ്ലുവൻസർമാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി.

പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരസ്യങ്ങളുടെ ഭാഗമാകുന്ന നടി-നടന്മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് പരസ്യങ്ങളില്‍ അഭിനയിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയത്.

പരസ്യങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ഇവ വാണിജ്യ നിയമങ്ങൾക്കും കോഡുകൾക്കും അനുസൃതമാണെന്ന് പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു.

ടിവിയിൽ പരസ്യം നൽകുന്നവർക്ക് ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിൽ ഡിക്ലറേഷൻ അപ്ലോഡ് ചെയ്യാമെന്നും നാലാഴ്ചയ്ക്കകം അച്ചടി മാധ്യമങ്ങൾക്കായി ഒരു പോർട്ടൽ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള ഉപഭോക്തൃകാര്യ മന്ത്രാലയം 2022ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളെ കുറിച്ചും പ്രതിപാ​ദിച്ചു.

ഉപഭോക്താക്കൾക്ക് സേവനം നൽകാനും വിപണിയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താവിനെ ബോധവാന്മാരാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകൾ.

പരസ്യദാതാക്കൾക്ക് പരസ്യം നൽകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് കോടതി ആഗ്രഹിക്കുന്നത് എന്നും കോടതി പറഞ്ഞു.

നിരോധിച്ചിരിക്കുന്ന പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വിവിധ ഇന്റർനെറ്റ് ചാനലുകളിൽ ഇപ്പോഴും ലഭ്യമാണെന്നും കോടതി പറഞ്ഞു.

#Misleading #advertisement #acting #celebrities #liable #SupremeCourt

Next TV

Top Stories