---
title: "ബംഗ്ലാദേശിൽ നിന്ന് 254 മില്യൺ ഡോളറിന്റെ വസ്ത്ര ഓർഡറുകൾ മാറ്റി ആഗോള ബ്രാൻഡുകൾ; നേട്ടം ഇന്ത്യയ്ക്ക്."
english_title: "Global Brands Shift $254 Million in Apparel Orders from Bangladesh to India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393640/global-brands-shift-apparel-orders-india"
published_at: "2026-11-28T22:42:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b0ba610c4c_WhatsApp_Image_2026-11-28_at_10.33.42_PM.jpeg"
keywords: ["TextileIndustry", "BangladeshCrisis", "IndiaExports", "ApparelOrders", "GlobalBrands"]
---

# ബംഗ്ലാദേശിൽ നിന്ന് 254 മില്യൺ ഡോളറിന്റെ വസ്ത്ര ഓർഡറുകൾ മാറ്റി ആഗോള ബ്രാൻഡുകൾ; നേട്ടം ഇന്ത്യയ്ക്ക്.

> **Lead Summary:** ** **ന്യൂഡൽഹി: ബംഗ്ലാദേശിലെ തൊഴിലാളി സമരവും ഉൽപ്പാദന തടസ്സങ്ങളും ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് നേട്ടമാകുന്നു. സാറ , എച്ച് ആൻഡ് എം , മാർക്സ് ആൻഡ് സ്പെൻസർ , സെലിയോ തുടങ്ങിയ ആഗോള ഫാഷൻ ബ്രാൻഡുകൾ ബംഗ്ലാദേശിൽ നിന്ന് 254 മില്യൺ ഡോളറിന്റെ, ഏകദേശം 2,100 കോടി രൂപയുടെ, വസ്ത്ര ഓർഡറുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി. ഇതിൽ വലിയൊരു വിഹിതം ഇന്ത്യയ്ക്കാണ് ലഭിച്ചത്.

## Article Content

** **ന്യൂഡൽഹി: ബംഗ്ലാദേശിലെ തൊഴിലാളി സമരവും ഉൽപ്പാദന തടസ്സങ്ങളും ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് നേട്ടമാകുന്നു. സാറ , എച്ച് ആൻഡ് എം , മാർക്സ് ആൻഡ് സ്പെൻസർ , സെലിയോ തുടങ്ങിയ ആഗോള ഫാഷൻ ബ്രാൻഡുകൾ ബംഗ്ലാദേശിൽ നിന്ന് 254 മില്യൺ ഡോളറിന്റെ, ഏകദേശം 2,100 കോടി രൂപയുടെ, വസ്ത്ര ഓർഡറുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റി. ഇതിൽ വലിയൊരു വിഹിതം ഇന്ത്യയ്ക്കാണ് ലഭിച്ചത്.

നവംബർ 1 മുതൽ 18 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തോതിൽ ഓർഡറുകൾ ബംഗ്ലാദേശിൽ നിന്ന് മാറ്റിയത്. മൂന്ന് ബംഗ്ലാദേശി ഫാക്ടറി ഉടമകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബംഗ്ലാദേശിന്റെ പ്രതിമാസ വസ്ത്ര ഓർഡറുകളുടെ ഏകദേശം പത്തിലൊന്ന് വരും ഈ തുക. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ഓർഡറുകൾ മാറ്റിയിട്ടുണ്ട്.

മിനിമം വേതനം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗാർമെന്റ് തൊഴിലാളികൾ നടത്തിയ സമരങ്ങളും ഫാക്ടറികളിലെ തടസ്സങ്ങളുമാണ് ബംഗ്ലാദേശിന്റെ വസ്ത്രനിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. തൊഴിലാളികളുടെ ആവശ്യത്തെ തുടർന്ന് സർക്കാർ 36 ശതമാനം വേതന വർധനവ് പ്രഖ്യാപിച്ചെങ്കിലും ഇത് തൊഴിലാളികളുടെ പ്രതിഷേധം അവസാനിപ്പിച്ചില്ല.

സമരങ്ങളും സംഘർഷങ്ങളും കാരണം ധാക്കയ്ക്ക് സമീപമുള്ള ഫാക്ടറികളിൽ ഉൽപ്പാദനം തടസ്സപ്പെട്ടു. ഇതിലൂടെ 400 മില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നാണ് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (BGMEA) കണക്കാക്കുന്നത്.

വൈദ്യുതി ക്ഷാമം, അസംസ്കൃത വസ്തുക്കളുടെ വില വർധന, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും മേഖലയെ ബാധിച്ചിട്ടുണ്ട്. ഓർഡറുകൾ കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യാനുള്ള ശേഷിയാണ് ഇന്ത്യയെ ആഗോള ബ്രാൻഡുകളുടെ പരിഗണനയിൽ മുന്നിലെത്തിക്കുന്നത്.

ബംഗ്ലാദേശിൽ ഒരു ഓർഡർ പൂർത്തിയാക്കി വിതരണം ചെയ്യാൻ ഏകദേശം 120 ദിവസമെടുക്കുമ്പോൾ ഇന്ത്യയിൽ ഇതിലും ഒരാഴ്ചയോളം കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമാകുമെന്ന് വ്യവസായ രംഗത്തെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിലെ വേതന വർധനവോടെ ഇരു രാജ്യങ്ങളിലെയും നിർമാണച്ചെലവിലുള്ള അന്തരവും കുറഞ്ഞിട്ടുണ്ട്.

ഓർഡറുകൾ ഇന്ത്യയിലേക്ക് മാറുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ടെക്സ്റ്റൈൽ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റമുണ്ടായി. ബംഗ്ലാദേശിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ നിലവിൽ ഇന്ത്യയിലേക്ക് മാറിയ ഓർഡറുകൾ ദീർഘകാല ബിസിനസ് അവസരങ്ങളായി മാറാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, ആഗോള ബ്രാൻഡുകളുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദന ശേഷിയും വിതരണ സംവിധാനവും വിപുലീകരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയുമോ എന്നതും നിർണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393640/global-brands-shift-apparel-orders-india)