---
title: "പുതിയ ജോലിയുടെ പ്രതീക്ഷയിൽ യാത്ര തിരിച്ചു, മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി; സങ്കീർത്തയ്ക്ക് കണ്ണീരോടെ വിട നൽകി മനേക്കര"
english_title: "Manekara bids tearful farewell to Sankirtha, who died en route to a new job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393511/manekara-tearful-farewell-sankirtha-new-job"
published_at: "2026-11-28T07:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a3d348249e_manekara-tearful-farewell-sankirtha-new-job.jpg"
keywords: ["RasAlKhaimahAccident", "KeralaExpat", "YoungEngineer", "Manekara", "UAECrash"]
---

# പുതിയ ജോലിയുടെ പ്രതീക്ഷയിൽ യാത്ര തിരിച്ചു, മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി; സങ്കീർത്തയ്ക്ക് കണ്ണീരോടെ വിട നൽകി മനേക്കര

> **Lead Summary:** തലശ്ശേരി: റാസൽഖൈമയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവ എൻജിനീയർ സങ്കീർത്ത സുരേഷിന് മനേക്കരയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിറവിൽ പുതിയൊരു ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച സങ്കീർത്തയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ നാടാകെ ദുഃഖത്തിലായി.

## Article Content

തലശ്ശേരി: റാസൽഖൈമയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവ എൻജിനീയർ സങ്കീർത്ത സുരേഷിന് മനേക്കരയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിറവിൽ പുതിയൊരു ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച സങ്കീർത്തയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ നാടാകെ ദുഃഖത്തിലായി.

പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും വെള്ളിയാഴ്ച മനേക്കരയിലെ വീട്ടിലേക്ക് ജനമൊഴുകി.

24ന് പുലർച്ചെ റാസൽഖൈമയിലെ അൽ മനായി മേഖലയിലുള്ള അൽ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിലാണ് സങ്കീർത്ത ഉൾപ്പെടെ 13 പേർ മരിച്ചത്. നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തും ഉൾപ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

മനേക്കര കൃഷിഭവന് സമീപം സമൃദ് നിവാസിൽ സുരേഷ് ബാബുവിന്റെയും വിമലയുടെയും മകളാണ് സങ്കീർത്ത. ദുബൈയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാട്ടുകാർക്കും ഒരുപോലെ തീരാനോവായി.

15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്തിരുന്ന സങ്കീർത്തയുടെ പിതാവ് സുരേഷ് ബാബു അടുത്തകാലത്താണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനിടെ മകൻ സമൃദ് അബുദാബിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു.

പിന്നാലെയാണ് മകൾ സങ്കീർത്തയും ഗൾഫിലെത്തിയത്. രണ്ടുവർഷത്തോളമായി ഗൾഫിലുണ്ടായിരുന്ന സങ്കീർത്തക്ക് സ്ഥിരമായി ജോലി ലഭിച്ചിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ.

എൻജിനീയറായ സങ്കീർത്തക്ക് മറ്റൊരു കമ്പനിയിൽ കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ പുതിയ പ്രതീക്ഷയിലായിരുന്നു കുടുംബം. ജോലിയിൽ പ്രവേശിക്കുന്നതിനായുള്ള വിസ മാറ്റത്തിന്റെ നടപടികൾക്കായി സ്വകാര്യ ഏജൻസി മുഖേന ഒമാനിലേക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

വിസ മാറ്റം പൂർത്തിയാക്കി പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളുമായി മടങ്ങിയ യാത്രയാണ് സങ്കീർത്തയുടെ ജീവിതത്തിലെ അവസാന യാത്രയായി മാറിയത്. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞുനിന്നിരുന്ന സങ്കീർത്ത ഇനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സങ്കീർത്തയുടെ മൃതദേഹം മനേക്കരയിലെ വീട്ടിലെത്തിച്ചത്. സഹോദരൻ സമൃദ് മൃതദേഹത്തെ അനുഗമിച്ചെത്തി. വിവരമറിഞ്ഞ് നേരത്തേ തന്നെ വീട്ടിലും പരിസരത്തും നിരവധി പേർ തടിച്ചുകൂടിയിരുന്നു.

സങ്കീർത്തയെ അവസാനമായി ഒരുനോക്കു കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തി. ഏറെ നേരം വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.

മുൻമന്ത്രി കെ.പി. മോഹനൻ, പി.കെ. പ്രവീൺ എം.എൽ.എ, കെ.പി. സാജു, വി.എ. നാരായണൻ, സജീവ് മാറോളി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയി, വി.എം. ബാബു തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഷാഫി പറമ്പിൽ എം.പി, തലശ്ശേരി എം.എൽ.എ കാരായി രാജൻ എന്നിവർ കഴിഞ്ഞ ദിവസം സങ്കീർത്തയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

Sankirtha Suresh, a young engineer from Manekara, died in a bus-truck collision in Ras Al Khaimah while returning after completing visa-change formalities for a new job. Her body was brought home on Friday, drawing a large crowd of grieving relatives, neighbors and local leaders who paid their final respects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393511/manekara-tearful-farewell-sankirtha-new-job)