---
title: "തോക്കുചൂണ്ടി വിറപ്പിക്കാൻ നോക്കി, പക്ഷെ ദിവ്യയുടെ ധൈര്യത്തിന് മുന്നിൽ കള്ളന്മാർ പതറി! കസേരയെടുത്ത് വീശി മോഷ്ടാക്കളെ തുരത്തിയോടിച്ചതിങ്ങനെ"
english_title: "Palakkad jewellery robbery: Probe shifts to Palani after armed heist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393495/palakkad-jewellery-robbery-probe-palani"
published_at: "2026-11-27T23:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09c500562ad_palakkad-jewellery-robbery-probe-palani.jpg"
keywords: ["PalakkadNews", "JewelleryRobbery", "KeralaCrime", "TamilNaduGang", "GoldLoot"]
---

# തോക്കുചൂണ്ടി വിറപ്പിക്കാൻ നോക്കി, പക്ഷെ ദിവ്യയുടെ ധൈര്യത്തിന് മുന്നിൽ കള്ളന്മാർ പതറി! കസേരയെടുത്ത് വീശി മോഷ്ടാക്കളെ തുരത്തിയോടിച്ചതിങ്ങനെ

> **Lead Summary:**  

## Article Content

 

 പാലക്കാട്:  പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം 20 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം പഴനിയിലേക്ക് നീങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഘത്തിലെ മൂന്നു പേർ ഹിന്ദി സംസാരിക്കുന്നവരാണെന്നും കാർ ചെന്നൈ റജിസ്ട്രേഷനിലേതാണെന്നും പൊലീസ് പറഞ്ഞു.

നമ്പർ വ്യാജമല്ലെങ്കിലും ഇപ്പോൾ നിലവിലില്ലെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസ് തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെ സഹായവും തേടി. ഡ്രൈവർക്ക് കേരള ബന്ധമുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്. ചെറിയ വഴികളിലൂടെയാണ് സംഘം രക്ഷപ്പെട്ടതെന്നും സ്ഥലപരിചയം ഉള്ളയാളാണ് ഡ്രൈവറെന്നുമാണ് കരുതുന്നത്.

ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു വൻ കവർച്ച. 10 മിനിറ്റിനുള്ളിൽ സംഘം കവർച്ച പൂർത്തിയാക്കി. ഉടമ കെ.വി. സനാദിന്റെ വീടിനോടു ചേർന്നാണ് ജ്വല്ലറി. സനാദും ഭാര്യ വി. ദിവ്യയും രണ്ടു ജീവനക്കാരുമാണ് അപ്പോൾ കടയിൽ ഉണ്ടായിരുന്നത്. ദിവ്യയും ജീവനക്കാരി ബിബിതയുമാണ് കൗണ്ടറിൽ നിന്നിരുന്നത്. സനാദും ജീവനക്കാരും പിന്നിൽ ഭക്ഷണം കഴിക്കുകയായിരുന്നു.

മൂന്നു പേർ ജ്വല്ലറിയിൽ കയറി സ്വർണമാല ചോദിച്ചു. മാല എടുക്കുന്നതിനിടെ തോക്ക് പുറത്തെടുത്തു. രണ്ടു പേർ കത്തിയും വീശി. ഇതോടെ ബിബിത സനാദിനെ വിളിക്കാനോടി. ദിവ്യ കസേര എടുത്ത് മോഷ്ടാക്കളെ പ്രതിരോധിച്ചു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച അയൽവാസിയുടെ കല്ലേറിൽ കാറിന്റെ ചില്ല് തകർന്നതായും പൊലീസ് പറഞ്ഞു.

> മൂന്നുപേരെയും കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നുവെന്ന് ബിബിത പറഞ്ഞു. "അവർ തോക്കെടുത്തതോടെ ഞാൻ മറ്റുള്ളവരെ വിളിക്കാനോടി" എന്നും അവർ പറഞ്ഞു. "ഭയന്ന് നിന്നിരുന്നെങ്കിൽ ഒരുപാട് സ്വർണം നഷ്ടമാകുമായിരുന്നു. കഷ്ടപ്പെട്ടാണ് ജ്വല്ലറി നടത്തുന്നത്. സ്ഥാപനം ആരംഭിച്ചിട്ട് 11 വർഷമായി. ലോണുണ്ട്. ആ സമയത്ത് മറ്റൊന്നും ചിന്തിച്ചില്ല" എന്ന് വി. ദിവ്യ പറഞ്ഞു. "ഞങ്ങൾ പുറകിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ തോക്ക് എടുത്തു വെടിപൊട്ടിച്ചു. 2 പേരുടെ കയ്യിൽ തോക്കുണ്ടായിരുന്നു. 3 പേരാണ് ഉള്ളിൽ കയറിയത്" എന്ന് കെ.വി. സനാദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393495/palakkad-jewellery-robbery-probe-palani)