---
title: "ആക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് കടക്കാൻ പദ്ധതി! വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങൾ പകർത്തിയ ജെയ്ഷെ ഭീകരൻ വലയിൽ"
english_title: "Jaish-e-Mohammed Member Arrested Over Vadodara Air Force Base Plot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393435/jaish-e-mohammed-member-arrested-vadodara-plot-"
published_at: "2026-11-27T14:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b094a0a1e45c_jaish-e-mohammed-member-arrested-vadodara-plot-.jpg"
keywords: ["JaishEMohammed", "GujaratATS", "Vadodara", "AirForceBase", "AssamYouth"]
---

# ആക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് കടക്കാൻ പദ്ധതി! വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങൾ പകർത്തിയ ജെയ്ഷെ ഭീകരൻ വലയിൽ

> **Lead Summary:** **അഹമ്മദാബാദ്: **വഡോദരയിലെ വ്യോമസേനാ താവളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന 22 വയസ്സുകാരൻ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. അസം സ്വദേശിയായ മുഹമ്മദ് സഹാറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് സംഘടനയിലെ അംഗമാണ് ഇയാളെന്ന് അന്വേഷണ സംഘം പറയുന്നു.

## Article Content

**അഹമ്മദാബാദ്: **വഡോദരയിലെ വ്യോമസേനാ താവളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന 22 വയസ്സുകാരൻ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. അസം സ്വദേശിയായ മുഹമ്മദ് സഹാറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് സംഘടനയിലെ അംഗമാണ് ഇയാളെന്ന് അന്വേഷണ സംഘം പറയുന്നു.

ഒറ്റയ്ക്ക് ആക്രമണം നടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് എടിഎസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സുനിൽ ജോഷി അറിയിച്ചു. വ്യോമസേനാ താവളം നിരീക്ഷിക്കുകയും ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ഹാൻഡ്ലറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും ആക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതിയുടെ പക്കൽ നിന്ന് ഒരു എകെ-47 റൈഫിളും 23 തിരകളും കുറച്ച് പണവും പിടിച്ചെടുത്തതായി സുനിൽ ജോഷി പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ജെയ്ഷെ ഹാൻഡ്ലർമാരുമായി ഇയാൾ സജീവ ബന്ധത്തിലായിരുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഗുജറാത്ത് എടിഎസും കഴിഞ്ഞ ആറ് മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു.

ആക്രമണ പദ്ധതി നടപ്പാക്കാനായി ഇയാൾ ഗുജറാത്തിലേക്ക് യാത്ര തിരിക്കുകയാണെന്ന വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് നടന്നത്. സുരക്ഷാ നിരീക്ഷണം ഒഴിവാക്കാൻ അസമിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ടുള്ള യാത്ര ഒഴിവാക്കി ഒന്നിലധികം ട്രെയിനുകളും ബസുകളും ഉപയോഗിച്ച് ചുറ്റിവളഞ്ഞാണ് ഇയാൾ എത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുജറാത്തിലേക്കുള്ള ഇയാളുടെ ആദ്യ യാത്രയല്ലിതെന്നും വഡോദരയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം നടത്താനും പലതവണ നഗരത്തിൽ എത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത റൈഫിൾ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാകാമെന്നാണ് പ്രാഥമിക സൂചന. പ്രതിയുടെ ഫോണിൽ നടത്തിയ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട കുറിപ്പുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393435/jaish-e-mohammed-member-arrested-vadodara-plot-)