---
title: "ഒരു വർഷം മുൻപേ തുടങ്ങിയ പക, നാട്ടിലെത്തിയതിന് പിന്നാലെ തീർത്തു! വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് 26-കാരനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി"
english_title: "Old Rivalry Ends in Murder: 26-Year-Old Killed in Home Invasion in Kanyakumari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393432/old-rivalry-home-invasion-murder-kanyakumari-new"
published_at: "2026-11-27T14:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0942fc9a66a_old-rivalry-home-invasion-murder-kanyakumari-new.jpg"
keywords: ["KanyakumariMurder", "HomeInvasion", "OldRivalry", "CCTVFootage", "PoliceInvestigation"]
---

# ഒരു വർഷം മുൻപേ തുടങ്ങിയ പക, നാട്ടിലെത്തിയതിന് പിന്നാലെ തീർത്തു! വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് 26-കാരനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** **കന്യാകുമാരി: **വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് യുവാവിനെ ഗുണ്ടാസംഘം വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ ഇരണിയലിന് സമീപം നെയ്യൂർ കാട്ടുവിള സ്വദേശി ഷമീൽ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**കന്യാകുമാരി: **വിദേശത്തുനിന്ന് നാട്ടിലെത്തി ഒരാഴ്ച തികയുംമുൻപ് യുവാവിനെ ഗുണ്ടാസംഘം വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ ഇരണിയലിന് സമീപം നെയ്യൂർ കാട്ടുവിള സ്വദേശി ഷമീൽ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിന് ശേഷം അക്രമിസംഘം യാതൊരു കൂസലുമില്ലാതെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട ഷമീലും അതേ പ്രദേശത്തുള്ള മുകേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഒരു വർഷം മുൻപ് ഇവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന്, ഷമീലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ ഇരുചക്രവാഹനം മുകേഷ് തീയിട്ട് നശിപ്പിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ ഷമീൽ ആറ് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഷമീലിന്റെ വീടിന് സമീപത്തായി മറ്റൊരു മുകേഷിന്റെ ഉടമസ്ഥതയിൽ ഒരു മരമിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഈ മരമില്ലിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയും ഷമീലും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതിന്റെ തുടർച്ചയായി രാത്രിയോടെ, നേരത്തെ ബൈക്ക് കത്തിച്ച മുകേഷ്, മരമിൽ ഉടമയായ മുകേഷ്, അഖിൽ എന്നിവരടങ്ങുന്ന സംഘം വടിവാൾ, കത്തി, വടി തുടങ്ങിയ മാരകായുധങ്ങളുമായി ഷമീലിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.

വീടിനുള്ളിലുണ്ടായിരുന്ന ഷമീലിനെ അക്രമിസംഘം ക്രൂരമായി വെട്ടുകയും കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരണിയൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഷമീലിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് പ്രദേശത്ത് വലിയ ഭീതിയും പരിഭ്രാന്തിയും പരത്തിയിട്ടുണ്ട്. ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

A 26-year-old man named Shameel was hacked to death at his home in Neyyoor near Eraniel in Kanyakumari district, allegedly over a long-standing enmity. Police said the attackers, armed with deadly weapons, stormed into the house shortly after he returned from abroad, and CCTV footage of the assault has surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393432/old-rivalry-home-invasion-murder-kanyakumari-new)