---
title: "ഗ്രൂപ്പ് പോര് പരിധിവിട്ടാൽ വാഹനം പഞ്ചറാകും: രമേശ് പിഷാരടി"
english_title: "If Congress Factionalism Crosses the Line, the Party Will Go Flat: Ramesh Pisharody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393344/congress-factionalism-party-warning-ramesh-pisharody"
published_at: "2026-11-26T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b085857c6f43_congress-factionalism-party-warning-ramesh-pisharody.jpg"
keywords: ["RameshPisharody", "ShafiParambil", "Congress", "KeralaPolitics", "Palakkad"]
---

# ഗ്രൂപ്പ് പോര് പരിധിവിട്ടാൽ വാഹനം പഞ്ചറാകും: രമേശ് പിഷാരടി

> **Lead Summary:** പാലക്കാട് കോൺഗ്രസിനുള്ളിൽ ഉയരുന്ന ഗ്രൂപ്പ് പോര് പരിധിവിട്ടുപോകരുതെന്ന് മുന്നറിയിപ്പുമായി രമേശ് പിഷാരടി എം.എൽ.എ. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും അള്ളുവയ്ക്കലിലേക്കും കാര്യങ്ങൾ നീങ്ങിയാൽ പാർട്ടിക്ക് ഗുണകരമാകില്ലെന്നും വാഹനം പഞ്ചറാകാൻ അത് ധാരാളമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

പാലക്കാട് കോൺഗ്രസിനുള്ളിൽ ഉയരുന്ന ഗ്രൂപ്പ് പോര് പരിധിവിട്ടുപോകരുതെന്ന് മുന്നറിയിപ്പുമായി രമേശ് പിഷാരടി എം.എൽ.എ. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും അള്ളുവയ്ക്കലിലേക്കും കാര്യങ്ങൾ നീങ്ങിയാൽ പാർട്ടിക്ക് ഗുണകരമാകില്ലെന്നും വാഹനം പഞ്ചറാകാൻ അത് ധാരാളമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിലിനെതിരേ ഉയരുന്ന ആരോപണങ്ങളെയും പിഷാരടി പ്രതിരോധിച്ചു. ഷാഫിയുടെ സംഘടനാ മികവും കഠിനാധ്വാനവും അദ്ദേഹം പോസ്റ്റിൽ പ്രത്യേകം എടുത്തുപറഞ്ഞു. ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ചക്രങ്ങളിൽ മുന്നോട്ടുപോകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും, പക്ഷേ അത് പരിധിവിട്ട കാലങ്ങളിൽ ജനങ്ങൾ പാർട്ടിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പത്തുവർഷത്തിനുശേഷം 102 സീറ്റ് എന്ന ചരിത്രഭൂരിപക്ഷം നൽകി ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗ്രൂപ്പിനപ്പുറം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണെന്ന് പിഷാരടി പറഞ്ഞു. എന്നാൽ അധികാരത്തിലെത്തി ആറുമാസമായപ്പോഴേക്കും ഉയരുന്ന അഭിപ്രായപ്രകടനങ്ങൾ നൽകുന്ന അപായസൂചന കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന പാലക്കാട് മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണെന്നും പിഷാരടി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശപ്രകാരം പ്രിയപ്പെട്ട പാലക്കാടിനെ വിട്ട് നിറകണ്ണുകളോടെ ഷാഫി വടകരയിലേക്ക് പോയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിൽ മന്ത്രിയാകുമായിരുന്നു എന്നും, പക്ഷേ പദവികളേക്കാൾ അദ്ദേഹം പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും പിഷാരടി കുറിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ നേതാക്കൾ ഇടപെട്ട് കാര്യങ്ങൾ പരിധിവിട്ടുപോകാതെ നിയന്ത്രിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

Ramesh Pisharody has warned that internal factional fights in the Palakkad Congress should not cross the line into personal attacks. In a Facebook post, he defended Shafi Parambil, praised his organizational skills, and urged senior leaders to intervene before the conflict damages the party.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393344/congress-factionalism-party-warning-ramesh-pisharody)