---
title: "ശബരിമല പ്രവേശനം: ട്രാൻസ്‌ജെൻഡർ ഭക്തയുടെ ഹരജി മദ്രാസ് ഹൈകോടതി തള്ളി ,കേരള ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം"
english_title: "Madras HC Rejects Transgender Devotee’s Sabarimala Entry Plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393179/madras-hc-rejects-sabarimala-entry-plea"
published_at: "2026-11-25T19:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ee7aa287c_madras-hc-rejects-sabarimala-entry-plea.jpg"
keywords: ["SabarimalaEntry", "MadrasHighCourt", "TransgenderRights", "KeralaHighCourt", "Anushree", "Sabarimala", "PIL", "LegalNews"]
---

# ശബരിമല പ്രവേശനം: ട്രാൻസ്‌ജെൻഡർ ഭക്തയുടെ ഹരജി മദ്രാസ് ഹൈകോടതി തള്ളി ,കേരള ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം

> **Lead Summary:** ചെന്നൈ:ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ വനിതയായ ഭക്ത സമർപ്പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി. തമിഴ്‌നാട് സ്വദേശിയും ട്രാൻസ്‌ജെൻഡറുമായ അനുശ്രീയാണ് ഹരജി നൽകിയത്.

## Article Content

ചെന്നൈ:ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ വനിതയായ ഭക്ത സമർപ്പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി. തമിഴ്‌നാട് സ്വദേശിയും ട്രാൻസ്‌ജെൻഡറുമായ അനുശ്രീയാണ് ഹരജി നൽകിയത്.

ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഹൈകോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ അധികാരമുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ കേരള ഹൈകോടതിക്കായിരിക്കും ഇതിൽ അധികാരപരിധി ഉണ്ടാകുക എന്നും ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു ഹരജി ഇതിനകം കേരള ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും, അതിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബെഞ്ച് ഓർമിപ്പിച്ചു. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയിൽ തടസ്സമില്ലാത്ത ദർശനം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ ഇത് പൊതുതാൽപര്യ ഹരജിയായി എങ്ങനെ പരിഗണിക്കുമെന്ന് ജഡ്ജിമാർ ചോദിച്ചു. തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗം കൂടിയാണ് അനുശ്രീ.

2022 മുതൽ എല്ലാ വർഷവും താൻ ശബരിമല ദർശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹരജിയിൽ പറഞ്ഞു. മുൻവർഷങ്ങളിൽ എല്ലാം രേഖകൾ പരിശോധിച്ച് ദർശനം അനുവദിച്ചിരുന്നു. എന്നാൽ ഈ വർഷം ജനുവരി 10-ന് മെഡിക്കൽ രേഖകൾ ഉൾപ്പെടെ ഉണ്ടായിട്ടും താനടക്കം 15 പേർക്ക് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായും ഹരജിയിൽ പറയുന്നു.

ഒടുവിൽ പരാതിക്കാരിക്ക് കേരള ഹൈകോടതിയിൽ ഹരജി നൽകാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തുടർന്ന് ഹരജി പിൻവലിച്ചതായി കണക്കാക്കി കോടതി അത് തള്ളി.

The Madras High Court dismissed a petition filed by transgender devotee Anushree seeking entry to Sabarimala, ruling that the Kerala High Court has jurisdiction over the matter. The bench noted that a similar plea is already pending before the Kerala High Court and treated the petition as withdrawn after orally advising her to approach that court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393179/madras-hc-rejects-sabarimala-entry-plea)