---
title: "AI നിയന്ത്രണം വിട്ടാല്‍   കിൽ സ്വിച്ച്' കൊണ്ട് തടയാനാകില്ലെന്ന് ഓപ്പൺഎഐ മുൻ അംഗം"
english_title: "OpenAI Ex-Board Member Says ‘Kill Switch’ Won’t Stop Rogue AI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393176/openai-former-board-member-kill-switch-ai"
published_at: "2026-11-25T19:20:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ea2dacf6e_openai-former-board-member-kill-switch-ai.jpg"
keywords: ["OpenAI", "ArtificialIntelligence", "CyberSecurity", "AISafety", "HelenToner"]
---

# AI നിയന്ത്രണം വിട്ടാല്‍   കിൽ സ്വിച്ച്' കൊണ്ട് തടയാനാകില്ലെന്ന് ഓപ്പൺഎഐ മുൻ അംഗം

> **Lead Summary:** വാഷിങ്ടൺ:നിയന്ത്രണം വിട്ട എഐയെ നിയന്ത്രിക്കാൻ 'കിൽ സ്വിച്ചിന്' പോലും കഴിയില്ലെന്ന് ഓപ്പൺഎഐ മുൻ ബോർഡ് അംഗം ഹെലൻ ടോണർ. നിർമിത ബുദ്ധി സംവിധാനങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി പ്രവർത്തിക്കാൻ തുടങ്ങിയാൽ അവയെ പെട്ടെന്ന് നിർത്തലാക്കാൻ കഴിയുന്ന ഒരു ഏകീകൃത 'കിൽ സ്വിച്ച്' അല്ലെങ്കിൽ അടിയന്തര ഷട്ട്ഡൗൺ സംവിധാനം നിലവിലില്ലെന്നും ഹെലൻ ടോണർ ചൂണ്ടിക്കാട്ടി. ജോർജ്ജ്ടൗൺ സർവകലാശാലയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ടോണർ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.

## Article Content

വാഷിങ്ടൺ:നിയന്ത്രണം വിട്ട എഐയെ നിയന്ത്രിക്കാൻ 'കിൽ സ്വിച്ചിന്' പോലും കഴിയില്ലെന്ന് ഓപ്പൺഎഐ മുൻ ബോർഡ് അംഗം ഹെലൻ ടോണർ. നിർമിത ബുദ്ധി സംവിധാനങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി പ്രവർത്തിക്കാൻ തുടങ്ങിയാൽ അവയെ പെട്ടെന്ന് നിർത്തലാക്കാൻ കഴിയുന്ന ഒരു ഏകീകൃത 'കിൽ സ്വിച്ച്' അല്ലെങ്കിൽ അടിയന്തര ഷട്ട്ഡൗൺ സംവിധാനം നിലവിലില്ലെന്നും ഹെലൻ ടോണർ ചൂണ്ടിക്കാട്ടി. ജോർജ്ജ്ടൗൺ സർവകലാശാലയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ടോണർ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരൊറ്റ 'കിൽ സ്വിച്ച്' ഉണ്ടാകില്ലെന്നും, എന്നാൽ ചില വെല്ലുവിളികളെ നേരിടാൻ വിവിധ തലങ്ങളിൽ അടിയന്തര നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കുമെന്നും ടോണർ മുന്നറിയിപ്പ് നൽകി. കിൽ സ്വിച്ചുകൾക്ക് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനാകില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് ടോണർ പറഞ്ഞു.

ജെഫ്രി ഹിന്റണും എഐയുമായി ബന്ധപ്പെട്ട് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാവിയിൽ എഐ കാരണം സാമ്പത്തിക സംവിധാനങ്ങളോ വൈദ്യുതി ശൃംഖലകളോ താൽക്കാലികമായി സ്തംഭിക്കുന്ന തരത്തിൽ വലിയ പ്രതിസന്ധി ഉണ്ടായേക്കാമെന്നാണ് ഹിന്റൺ വ്യക്തമാക്കിയത്. ഇത്തരമൊരു സംഭവം ഉണ്ടായാൽ മാത്രമേ ആളുകൾ ഈ വിഷയത്തെ ഗൗരവമായി എടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

എഐ ചാറ്റ്ബോട്ടുകൾ സ്വന്തമായി ഒരു ഭാഷ വികസിപ്പിച്ചെടുത്താൽ അവ മനുഷ്യന്റെ നിയന്ത്രണത്തിന് പുറത്താകുമെന്നും, അപകടകരമായ രീതിയിൽ ചിന്തിക്കാൻ എഐയ്ക്ക് കഴിയുമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹിന്റൺ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് 'കിൽ സ്വിച്ച്'

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രത്തെയോ, സോഫ്റ്റ്‌വെയറിനെയോ, കമ്പ്യൂട്ടർ സിസ്റ്റത്തെയോ അടിയന്തരമായി പെട്ടെന്ന് നിർത്തലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് 'കിൽ സ്വിച്ച്'.

സാങ്കേതിക രംഗത്ത്, പ്രത്യേകിച്ച് നിർമിത ബുദ്ധി, സൈബർ സുരക്ഷ, മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ ഒരു സുരക്ഷാ മുൻകരുതലായാണ് ഇത് ഉപയോഗിക്കുന്നത്. സിസ്റ്റം അപകടകരമായ രീതിയിൽ പ്രവർത്തിക്കുകയോ, നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ പെട്ടെന്ന് ഓഫ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഉള്ള ഒരു 'എമർജൻസി ബട്ടൺ' അല്ലെങ്കിൽ കോഡിംഗ് സംവിധാനമാണിത്.

എഐ സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ, ഭാവിയിൽ അവ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയാൽ കിൽ സ്വിച്ച് ഉപയോഗിച്ച് അവയെ നിർവീര്യമാക്കാൻ സാധിക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. എന്നാൽ, ലോകമെമ്പാടും പരന്നുകിടക്കുന്നതും സ്വയം പ്രവർത്തിക്കുന്നതുമായ വലിയ എഐ സംവിധാനങ്ങളെ പൂർണമായി നിയന്ത്രിക്കാൻ ഇത്തരം കിൽ സ്വിച്ചുകൾക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

A former OpenAI board member has warned that a single ‘kill switch’ cannot fully stop an AI system once it moves beyond human control. Helen Toner said emergency shutdown mechanisms may help in some cases, but they are not a universal solution to the risks posed by advanced AI.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393176/openai-former-board-member-kill-switch-ai)