---
title: "കണ്ണൂരിൽ ഭർത്താവിനെ വെടിവച്ചു കൊന്നപ്രതി ജീവനൊടുക്കിയ നിലയിൽ"
english_title: "Main accused in Mathamangalam Radhakrishnan murder case found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392913/mathamangalam-radhakrishnan-murder-case-accused-dead"
published_at: "2026-11-23T22:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b046beaf0920_mathamangalam-radhakrishnan-murder-case-accused-dead.jpg"
keywords: ["KannurNews", "KeralaCrime", "Mathamangalam", "RadhakrishnanMurderCase", "NKSanthosh"]
---

# കണ്ണൂരിൽ ഭർത്താവിനെ വെടിവച്ചു കൊന്നപ്രതി ജീവനൊടുക്കിയ നിലയിൽ

> **Lead Summary:**  

## Article Content

 

കണ്ണൂർ: മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ മുഖ്യപ്രതി എൻ.കെ. സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂർ കോരച്ചം വീട്ടിൽ സന്തോഷ് (40) ആണ് മരിച്ചത്.

കേസിലെ മൂന്നാം പ്രതിയും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനു സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

2025 മാർച്ച് 20നാണ് കെ.കെ. രാധാകൃഷ്ണൻ കൈതപ്രത്ത് നിർമാണത്തിലിരുന്ന സ്വന്തം വീട്ടിൽ വച്ച് സന്തോഷിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്നുതന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു മാസം മുൻപാണ് സന്തോഷിന് ജാമ്യം ലഭിച്ചത്.

മിനി നമ്പ്യാരുമായുള്ള സന്തോഷിന്റെ സൗഹൃദം എതിർത്തതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.

ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. പിന്നാലെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. രാധാകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. അതിനുശേഷവും ഭീഷണി തുടർന്നുവെന്നാണ് രാധാകൃഷ്ണൻ പറഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നു.

രാധാകൃഷ്ണനെ കൊല്ലുന്ന ദിവസം നിനക്കു മാപ്പില്ല എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. അന്നു രാത്രിയാണ് കൈതപ്രം പൊതുജന വായനശാലയ്ക്ക് സമീപം നിർമാണത്തിലുള്ള വീട്ടിൽ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392913/mathamangalam-radhakrishnan-murder-case-accused-dead)