---
title: "മുഖ്യമന്ത്രിയുടെ 'എണ്ണിയെണ്ണി പകരംചോദിക്കും'; പ്രസംഗം കലാപാഹ്വാനം - പിണറായി വിജയൻ"
english_title: "Pinarayi Vijayan calls CM's 'retaliate one by one' speech a provocation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392899/pinarayi-vijayan-cm-retaliate-speech-kannur"
published_at: "2026-11-23T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b044d451260a_pinarayi-vijayan-cm-retaliate-speech-kannur.jpg"
keywords: ["PinarayiVijayan", "KeralaPolitics", "Kannur", "YouthCongress", "VDSatheesan"]
---

# മുഖ്യമന്ത്രിയുടെ 'എണ്ണിയെണ്ണി പകരംചോദിക്കും'; പ്രസംഗം കലാപാഹ്വാനം - പിണറായി വിജയൻ

> **Lead Summary:** കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ് ഈ പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ് ഈ പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണിതെന്ന് പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി പകരം ചോദിക്കും, എണ്ണിയെണ്ണി ചോദിക്കും എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ പരാമർശം. സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത് മർദനമേറ്റുവാങ്ങിയ ചോരപ്പുഴ താണ്ടിവന്ന അനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ ചോരയിൽ കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കും. വിട്ടുവീഴ്ചയുണ്ടാവില്ല. അതിന്റെ പേരിലുള്ള ഗ്ലാമറൊന്നും വേണ്ട. അന്വേഷണങ്ങൾ നടക്കുന്നത് അതിന്റെ പേരിലാണല്ലോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമുണ്ടായത് അതിന്റെ പേരിലാണ്. അവസാനം വരെ പോരാടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നുവെന്നും പിണറായി പറഞ്ഞു. ഇത് പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നുവെന്നും, ഇത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും പിണറായി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുൻമന്ത്രി തോമസ് ഐസക്കും ഈ പരാമർശങ്ങളെ വിമർശിച്ചിരുന്നു.

Pinarayi Vijayan has criticized comments made by V.D. Satheesan at a Youth Congress event in Kannur, calling them a direct challenge to the rule of law and an incitement to unrest. He alleged that the speech amounted to a violation of the constitutional oath and said it placed public pressure on the police and investigating officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392899/pinarayi-vijayan-cm-retaliate-speech-kannur)