---
title: "16 കാരിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി പ്രകാശിന് വധശിക്ഷ"
english_title: "Death Penalty in Kodagu Girl Murder Case Over Child Marriage Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392882/kodagu-girl-murder-death-penalty-child-marriage"
published_at: "2026-11-23T18:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b043bb5ce9f8_kodagu-girl-murder-death-penalty-child-marriage.jpg"
keywords: ["KodaguGirlMurder", "KarnatakaNews", "DeathPenalty", "ChildMarriage", "IndiaNews"]
---

# 16 കാരിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി പ്രകാശിന് വധശിക്ഷ

> **Lead Summary:** മടിക്കേരി: ബാലവിവാഹം തടഞ്ഞതിന്റെ പകയിൽ 16കാരിയെ വടിവാൾ കൊണ്ട് കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി ഓംകാരപ്പ എന്ന പ്രകാശിന് മടിക്കേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 81,000 രൂപ പിഴയും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 16.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു.

## Article Content

മടിക്കേരി: ബാലവിവാഹം തടഞ്ഞതിന്റെ പകയിൽ 16കാരിയെ വടിവാൾ കൊണ്ട് കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി ഓംകാരപ്പ എന്ന പ്രകാശിന് മടിക്കേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 81,000 രൂപ പിഴയും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 16.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു.

സോംവാർപേട്ട് താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ താമസിക്കുന്ന പ്രകാശാണ് ശിക്ഷിക്കപ്പെട്ടത്. കുമ്പാരഗഡിഗെ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി എസ്എസ്എൽസി ഫലം വന്ന 2024 മേയ് 9നാണ് കൊല്ലപ്പെട്ടത്. ഒന്നാം ക്ലാസോടെ വിജയിച്ച കുട്ടിയുടെ വിജയം ഗ്രാമം ആഘോഷിച്ചിരുന്നു. അതേ ദിവസം തന്നെ പെൺകുട്ടിയുടെയും പ്രകാശിന്റെയും വിവാഹനിശ്ചയം അവളുടെ വീട്ടിൽ നടന്നു.

പിന്നീട് ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശു സംരക്ഷണ യൂനിറ്റ്, സാമൂഹിക ക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ഇരുകുടുംബങ്ങൾക്കും കൗൺസിലിങ് നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 18 വയസ്സ് തികയാതെ വിവാഹം നടത്താൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവാഹം പിന്നീട് നടത്താമെന്ന് ഇരുകുടുംബങ്ങളും രേഖാമൂലം ഉറപ്പ് നൽകി.

ഇതിൽ കുപിതനായ പ്രകാശ് വൈകീട്ട് അഞ്ചോടെ ആയുധവുമായി എത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെൺകുട്ടിയെ വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മുറിച്ചെടുത്ത തല അടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

കൊലപാതകം കുടകിലും സംസ്ഥാനത്തും വലിയ ഞെട്ടലുണ്ടാക്കി. പ്രതി തോക്കുമായി കാട്ടിൽ ഒളിച്ചിരിക്കുന്നതായി വിവരം വന്നതിനെ തുടർന്ന് ഇരയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭയം ഉയർന്നു. അവരെ സംരക്ഷിക്കാൻ എട്ട് സായുധ പൊലീസുകാരെ വിന്യസിച്ചിരുന്നു.

കുടക് പൊലീസ് കമാൻഡോകൾ രണ്ട് ദിവസം ഇടതൂർന്ന വനത്തിൽ തിരച്ചിൽ നടത്തിയ ശേഷം മേയ് 11ന് സോംവാർപേട്ട് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച വടിവാളും പെൺകുട്ടിയുടെ വെട്ടിമാറ്റിയ തലയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അന്വേഷണം പൂർത്തിയാക്കിയ ശേഷം സോംവാർപേട്ട് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വാദം കേൾക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശിരച്ഛേദം ചെയ്ത രീതി ചൂണ്ടിക്കാട്ടി കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നായി തരംതിരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392882/kodagu-girl-murder-death-penalty-child-marriage)