---
title: "സിപിഎം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ട കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു"
english_title: "Dhanraj murder case: First three accused found guilty, 16 acquitted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392826/dhanaraj-murder-case-three-guilty-16-acquitted"
published_at: "2026-11-23T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03e561c11d4_dhanaraj-murder-case-three-guilty-16-acquitted.jpg"
keywords: ["CrimeNews", "KeralaCourt", "KannurMurder", "Payyanur", "CPM"]
---

# സിപിഎം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ട കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ധനരാജ് വധക്കേസിൽ ആദ്യ മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ധനരാജ് വധക്കേസിൽ ആദ്യ മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. എം. വിപിനും എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പറഞ്ഞത്. കേസിൽ 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പ്രതികൾ. 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.

2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ വീടിനുമുന്നിൽ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചതോടെയാണ് കേസ് വീണ്ടും ചർച്ചയായത്. പാർട്ടിവിട്ട കുഞ്ഞികൃഷ്ണൻ പിന്നീട് പയ്യന്നൂരിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭാംഗമാകുകയും ചെയ്തു.

അന്ന് പയ്യന്നൂർ സി.ഐ.യായിരുന്ന വി. രമേശനാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് സി.ഐ.യായ എം.പി. ആസാദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്.

The Taliparamba Additional Sessions Court found the first three accused guilty in the murder of CPM worker and DYFI leader C.V. Dhanaraj. Sixteen others were acquitted in the case, which involved 19 accused who stood trial after one of the original 20 had died earlier.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392826/dhanaraj-murder-case-three-guilty-16-acquitted)