---
title: "'വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പണം വാങ്ങി പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കും പിടിവീഴും'; കർശന നടപടിയുമായി ആരോഗ്യവകുപ്പ്"
english_title: "Statewide Crackdown on Fake Cosmetics, Vloggers Under Watch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392751/statewide-crackdown-fake-cosmetics"
published_at: "2026-11-22T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02fedb448d4_statewide-crackdown-fake-cosmetics.jpg"
keywords: ["KeralaHealth", "FakeCosmetics", "ProteinPowders", "KMuraleedharan", "HealthDepartment"]
---

# 'വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പണം വാങ്ങി പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കും പിടിവീഴും'; കർശന നടപടിയുമായി ആരോഗ്യവകുപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെയും അംഗീകാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെയും അംഗീകാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.

നിയമവിരുദ്ധമായി ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ എന്നിവയുടെ വിപണനം പ്രത്യേകമായി പരിശോധിക്കും.

മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവയുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ഗുരുതര ആശങ്കകളുണ്ടെന്നും പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വ്യാജവും സുരക്ഷിതത്വം ഉറപ്പാക്കാത്തതുമായ ഉൽപ്പന്നങ്ങൾ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കാമെന്നും ത്വക്ക് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സൗന്ദര്യം കൂട്ടാനും ചർമത്തിന്റെ നിറം മാറ്റാനും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങളോടെയാണ് പല ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നത്.

പേശീബലം വർധിപ്പിക്കാനും ശരീരത്തിന്റെ കരുത്തും ശാരീരിക ഉത്തേജനവും കൂട്ടാനുമെന്ന പേരിൽ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ തുടങ്ങിയവ വ്യാജപരസ്യങ്ങളിലൂടെ വിൽക്കുന്നവരെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടി ഉണ്ടാകും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കുമെന്നും പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ പേരിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392751/statewide-crackdown-fake-cosmetics)