---
title: "വിവാഹ വാഗ്ദാനം നൽകി 14 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മുഹമ്മദ് മാസിൻ പിടിയിൽ"
english_title: "Mohammed Masin brought to Kochi after UAE deportation in fraud case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392652/marriage-promise-fraud-14-women-arrest"
published_at: "2026-11-21T22:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01d2b1d4021_mohammed-masin-uae-deportation-fraud-case.jpg"
keywords: ["MohammedMasin", "InterpolRedNotice", "UAEDeportation", "MaharashtraPolice", "KochiAirport"]
---

# വിവാഹ വാഗ്ദാനം നൽകി 14 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മുഹമ്മദ് മാസിൻ പിടിയിൽ

> **Lead Summary:** കൊച്ചി: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയും പണം വാങ്ങിയ കേസിലെ പ്രതിയെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മുഹമ്മദ് മാസിനെയാണ് യുഎഇ അധികൃതർ പിടികൂടി നാടുകടത്തിയത്. മഹാരാഷ്ട്ര പൊലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു.

## Article Content

കൊച്ചി: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയും പണം വാങ്ങിയ കേസിലെ പ്രതിയെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മുഹമ്മദ് മാസിനെയാണ് യുഎഇ അധികൃതർ പിടികൂടി നാടുകടത്തിയത്. മഹാരാഷ്ട്ര പൊലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു.

മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം സിബിഐ മുഖേന ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നടപടി വേഗത്തിലായത്. സിബിഐയുടെയും രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും ഏകോപനത്തോടെ നടന്ന നീക്കത്തിലാണ് യുഎഇയിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി ലഭിച്ചത്.

വിവാഹ വാഗ്ദാനം നൽകി ശാരീരികമായും മാനസികമായും സാമ്പത്തികമായും ക്രൂരമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകി അടുപ്പം സ്ഥാപിച്ച ശേഷം പരാതിക്കാരിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

ആദ്യ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. സമാനമായ രീതിയിൽ മറ്റ് 13 യുവതികളെയും പ്രതി വലയിലാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇരകളായ യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അവ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

തട്ടിപ്പ് പുറത്തുവന്നതോടെ മുഹമ്മദ് മാസിൻ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐയുടെ എൻസിബി ന്യൂഡൽഹി വിഭാഗം ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. പിന്നീട് യുഎഇ അധികൃതർ ഇയാളെ അറസ്റ്റ് ചെയ്ത് നാടുകടത്തുകയായിരുന്നു. ആകെ 14 യുവതികൾ പ്രതിയുടെ തട്ടിപ്പിനിരയായതായാണ് വിവരം.

പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Muhammad Masin, accused of extorting money and secretly filming private moments of women by promising marriage, has been brought to India from the UAE after his arrest and deportation. Police say the fraud came to light after an initial complaint, and 14 women were later found to have been targeted in a similar pattern.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392652/marriage-promise-fraud-14-women-arrest)