---
title: "'പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ പോകും? ജനാധിപത്യത്തിന്റെ സൗന്ദര്യമെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതെന്തിന് ?'; മന്ത്രിസഭയിലെ തര്‍ക്കത്തില്‍ പരിഹാസവുമായി എം.വി. ഗോവിന്ദന്‍"
english_title: "MV Govindan Slams Cabinet Row and Congress Factional Feud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392613/mv-govindan-slams-cabinet-row-congress-feud"
published_at: "2026-11-21T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0188274a50a_mv-govindan-slams-cabinet-row-congress-feud.jpg"
keywords: ["MVGovindan", "KeralaPolitics", "CongressFactionalism", "CPMKerala", "Thiruvananthapuram"]
---

# 'പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ പോകും? ജനാധിപത്യത്തിന്റെ സൗന്ദര്യമെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതെന്തിന് ?'; മന്ത്രിസഭയിലെ തര്‍ക്കത്തില്‍ പരിഹാസവുമായി എം.വി. ഗോവിന്ദന്‍

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തെക്കുറിച്ചും കോൺഗ്രസിലെ ഉൾപ്പോരിനെക്കുറിച്ചും രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യമാണിതെന്നും പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തെക്കുറിച്ചും കോൺഗ്രസിലെ ഉൾപ്പോരിനെക്കുറിച്ചും രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യമാണിതെന്നും പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

> “സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരെ. പരസ്പരം കഴുത്തിനു പിടിച്ചു എത്ര നാൾ പോകും?” എന്നായിരുന്നു എംവി ഗോവിന്ദന്റെ ചോദ്യം. സൈബർ ആക്രമണം മുഴുവൻ കെ സി പക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പ് ആണെന്നും മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനുമെതിരെ വ്യാപക സൈബർ ആക്രമണമാണെന്നും കോൺഗ്രസ് രണ്ട് വിഭാഗമായി പിരിഞ്ഞുവെന്ന വാർത്തകളുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെസി-വിഡി പക്ഷം എന്നിങ്ങനെ പാർട്ടി പിളർന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഭരണസ്തംഭനമാണെന്നും ആറ് മാസം കൊണ്ട് ഇങ്ങനെയായെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥർക്ക് വിശ്വാസം ഇല്ലാതാവുമെന്നും പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഹൈക്കമാൻ്റിലേക്ക് ഘോഷയാത്ര നടത്തുന്ന സ്ഥിതിയാണ് പരാതിയുമായി എന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസം. രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നു എന്നു പറഞ്ഞ് മെറ്റ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

> “കേരളത്തിൽ എന്താണ് നടക്കുന്നത്. സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണോ” എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ്-ബിജെപി ബന്ധം ഒരു മാപ്പ് കൊണ്ട് തീരാവുന്നതാണെന്നും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ അവർക്ക് യാതൊരു പ്രയാസവും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പിഎം ശ്രീ ഒപ്പിടൽ അടഞ്ഞ അധ്യായമാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. ശിവൻ കുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന്, അടഞ്ഞ അധ്യായം എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ടെന്നായിരുന്നു മറുപടി. വൈദ്യുതി കരാർ വിഇഎച്ച് ഇടപാടിൽ മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും 12.55 രൂപയ്ക്കാണ് വാങ്ങിയതെന്നും യഥാർത്ഥ വില മൂന്നു രൂപയാണെന്നും അദ്ദേഹം ആരോപിച്ചു.

മയിൽപീലി സ്കോളർഷിപ്പിനെ സംഘപരിവാർ ശക്തികൾക്ക് മുഴുവൻ സ്കൂളുകളിലും കയറാൻ സൗകര്യം ലഭിക്കുന്ന ഒന്നായിട്ടാണ് കാണേണ്ടതെന്നും, ആർഎസ്എസിന് കീഴടങ്ങിയതിനു ശേഷം പിൻവലിച്ചു എന്ന് മന്ത്രി പറയുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

> CPM state secretary M.V. Govindan sharply criticized the rift within the Kerala Cabinet and the Congress party’s internal conflicts, calling them signs of democratic “beauty” while mocking complaints to the high command. He also alleged cyberattacks within Congress, accused the government of dysfunction, and reiterated his stand on the PM SHRI issue and other political controversies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392613/mv-govindan-slams-cabinet-row-congress-feud)