---
title: "വിവാഹാഭ്യർത്ഥനയുമായി ഇൻഫ്‌ളുവൻസറുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആരാധകൻ മർദനമേറ്റ് മരിച്ചു; പിതാവും അയൽവാസിയും അറസ്റ്റിൽ"
english_title: "Fan Dies After Assault at Neha Bisht's Delhi Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392494/fan-dies-after-assault-at-neha-bisht-home"
published_at: "2026-11-20T20:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b006158417df_fan-dies-after-assault-at-neha-bisht-home.jpg"
keywords: ["NehaBisht", "DelhiCrime", "PoliceArrest", "InfluencerNews", "CrimeNews"]
---

# വിവാഹാഭ്യർത്ഥനയുമായി ഇൻഫ്‌ളുവൻസറുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആരാധകൻ മർദനമേറ്റ് മരിച്ചു; പിതാവും അയൽവാസിയും അറസ്റ്റിൽ

> **Lead Summary:** ഡൽഹി: ഡൽഹിയിലെ ഇൻഫ്‌ളുവൻസർ നേഹ ബിഷ്ടിന്റെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി അതിക്രമിച്ചു കയറിയ ആരാധകൻ വീട്ടുകാരുടെയും അയൽക്കാരുടെയും മർദനമേറ്റ് മരിച്ചു. ചെന്നൈയിൽ ജോലി ചെയ്തിരുന്ന അഭിനവ് എന്ന യുവാവാണ് ഒരു ആഴ്ച നീണ്ട ചികിത്സയ്ക്കുശേഷം മരിച്ചത്.

## Article Content

ഡൽഹി: ഡൽഹിയിലെ ഇൻഫ്‌ളുവൻസർ നേഹ ബിഷ്ടിന്റെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി അതിക്രമിച്ചു കയറിയ ആരാധകൻ വീട്ടുകാരുടെയും അയൽക്കാരുടെയും മർദനമേറ്റ് മരിച്ചു. ചെന്നൈയിൽ ജോലി ചെയ്തിരുന്ന അഭിനവ് എന്ന യുവാവാണ് ഒരു ആഴ്ച നീണ്ട ചികിത്സയ്ക്കുശേഷം മരിച്ചത്.

നേഹ ബിഷ്ടിന് ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഓരോ റീലുകൾക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടാകാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നേഹയുടെ വിവാഹ നിശ്ചയ വീഡിയോകളും വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭിനവ് അസ്വസ്ഥനായതെന്നാണ് പോലീസ് പറയുന്നത്.

യുപിയിലെ ഗാസീപ്പുർ സ്വദേശിയായ അഭിനവ് ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നേഹയുടെ ഫോളോവറായിരുന്ന ഇയാൾക്ക് കാലക്രമേണ അവരോട് പ്രണയം തോന്നിയെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് ആരാധകനെന്ന നിലയിൽ വീടും സന്ദർശിച്ചിരുന്നെന്നും പോലീസ് പറയുന്നു. പിന്നാലെ നവംബർ 7-ന് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിലെത്തി ഇയാൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ അഭിനവിനെ നേഹയ്ക്ക് പരിചയമില്ലായിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ പിന്മാറിയില്ലെന്നാണ് വിവരം. തുടർന്ന് പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ ബലമായി പുറത്താക്കി മർദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ പുറത്തും വലതുകാലിലും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്. ഇയാളെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് അഭിനവ് മദ്യപിച്ചിരുന്നതായി പിറ്റേന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.

ചികിത്സയിലിരിക്കെ നവംബർ 15-ന് അഭിനവ് മരിച്ചു. തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പോലീസ്, നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും ഒരു അയൽവാസിയെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

A fan who allegedly broke into Delhi influencer Neha Bisht’s home to propose marriage died after being assaulted by family members and neighbours, police said. The man, identified as Abhinav, had been under treatment for a week after the incident and later succumbed to his injuries. Police have arrested Bisht’s father and a neighbour while examining CCTV footage to identify others involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392494/fan-dies-after-assault-at-neha-bisht-home)