---
title: "സൈനിക ഡ്രൈവർക്ക് സീറ്റ് ബെൽറ്റിന് പിഴ ചുമത്തി; മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ഡ്യൂട്ടിയിൽനിന്ന് മാറ്റി"
english_title: "Jorhat seat belt fine row: MVI taken off duty after viral video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392472/jorhat-seat-belt-fine-mvi-taken-off-duty"
published_at: "2026-11-20T18:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0047c7c8e08_jorhat-seat-belt-fine-mvi-taken-off-duty.jpg"
keywords: ["AssamNews", "IndianArmy", "RoadSafety", "TrafficViolation", "Jorhat"]
---

# സൈനിക ഡ്രൈവർക്ക് സീറ്റ് ബെൽറ്റിന് പിഴ ചുമത്തി; മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ഡ്യൂട്ടിയിൽനിന്ന് മാറ്റി

> **Lead Summary:** ജോർഹട്ട്: അസമിലെ ജോർഹട്ട് ജില്ലയിൽ റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാരോപിച്ച് സൈനിക ഡ്രൈവർക്ക് പിഴ ചുമത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സമീം സുൽത്താനയെ ഡ്യൂട്ടിയിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

## Article Content

ജോർഹട്ട്: അസമിലെ ജോർഹട്ട് ജില്ലയിൽ റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാരോപിച്ച് സൈനിക ഡ്രൈവർക്ക് പിഴ ചുമത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സമീം സുൽത്താനയെ ഡ്യൂട്ടിയിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

ജോർഹട്ടിലെ എ.ടി റോഡിലുള്ള ബസ് ടെർമിനലിന് സമീപമാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ലിച്ചുബാരിയിലെ ജോർഹട്ട് മിലിട്ടറി സ്റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം മറ്റൊരു ജൂനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി പോകുകയായിരുന്നു ഇവർ എന്നാണ് വിവരം.

സീറ്റ് ബെൽറ്റ് ധരിച്ചില്ല എന്നാരോപിച്ചാണ് സമീം സുൽത്താന ഡ്രൈവർക്ക് ചലാൻ നൽകിയത്. ചലാൻ നൽകിയ ശേഷം സൈനിക വാഹനത്തിന് മുന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതോടെ വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഫോട്ടോ എടുത്തതോടെ തർക്കം കൂടുതൽ രൂക്ഷമായി.

സംഭവം വിവാദമായതോടെ ജോർഹട്ട് ജില്ലാ ഭരണകൂടം സൈനിക ഉദ്യോഗസ്ഥർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു. ഇരുവിഭാഗത്തെയും അനുകൂലിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ തുടരുകയാണ്. വീഡിയോ വൈറലായതോടെ വിഷയത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392472/jorhat-seat-belt-fine-mvi-taken-off-duty)