---
title: "‘ഇനിയുള്ള കാലം സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയാനാണ് ആഗ്രഹം; വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് ഞാനില്ല, എന്റെ തീരുമാനം വ്യക്തിപരം'  - പത്മജ വേണുഗോപാൽ"
english_title: "I Have No Place in Hate Politics; This Is a Personal Decision: Padmaja Venugopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392356/padmaja-venugopal-personal-decision-bjp-exit"
published_at: "2026-11-19T22:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff2d7ec8379_padmaja-venugopal-personal-decision-bjp-exit.jpg"
keywords: ["PadmajaVenugopal", "BJP", "Congress", "KeralaPolitics", "PoliticalShift"]
---

# ‘ഇനിയുള്ള കാലം സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയാനാണ് ആഗ്രഹം; വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് ഞാനില്ല, എന്റെ തീരുമാനം വ്യക്തിപരം'  - പത്മജ വേണുഗോപാൽ

> **Lead Summary:** തിരുവനന്തപുരം: ഇനിയുള്ള കാലം ഏവരോടും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി വിട്ട പത്മജ വേണുഗോപാൽ. തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അർഥങ്ങൾ കാണരുതെന്ന് അഭ്യർഥിക്കുന്നതായും വെറുപ്പിന്റെ രാഷ്ട്രീയത്തിന് താനില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

തിരുവനന്തപുരം: ഇനിയുള്ള കാലം ഏവരോടും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി വിട്ട പത്മജ വേണുഗോപാൽ. തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അർഥങ്ങൾ കാണരുതെന്ന് അഭ്യർഥിക്കുന്നതായും വെറുപ്പിന്റെ രാഷ്ട്രീയത്തിന് താനില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ബി.ജെ.പി വിട്ട പത്മജ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയേക്കുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് രംഗത്തുവന്നിരുന്നു.

പത്മജ വേണുഗോപാൽ ബി.ജെ.പി ഒഴിഞ്ഞത് മികച്ച തീരുമാനമാണെന്നും കോൺഗ്രസിലേക്ക് തിരികെ വരാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പത്മജയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ ഒരുവിഭാഗത്തിന് വലിയ എതിർപ്പുണ്ട്. പത്മജ കോണ്‍ഗ്രസിലേക്ക് തിരികെ വന്നിട്ട് എന്തു ചെയ്യാനാണെന്ന് ചോദിച്ച യുവ നേതാവ് ജിന്‍റോ ജോൺ, കോൺഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണെന്നും വിമര്‍ശിച്ചു. പത്മജയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നേതാക്കളുടെ നിലപാടിനെയും ജിന്റോ വിമര്‍ശിക്കുന്നുണ്ട്.

കെ. കരുണാകരന്‍റെ മകളും മന്ത്രി കെ. മുരളീധരന്‍റെ സഹോദരിയുമായ പത്മജ രാജിക്കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മെയിലില്‍ അയക്കുകയായിരുന്നു. കെ. കരുണാകരന്‍റെ മകള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടാകണമെന്ന് കുടുംബത്തില്‍നിന്നുള്‍പ്പെടെ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യത്തിലാണ് ബി.ജെ.പി വിടുന്നതെന്ന് പത്മജ നേതൃത്വത്തോട് വ്യക്തമാക്കി.

ബി.ജെ.പിയില്‍നിന്ന് രാജിവെച്ചെന്നും അവരുടെ പ്രത്യയശാസ്ത്രവുമായി ചേർന്നുപോകാൻ കഴിയില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുവർഷം മുമ്പാണ് പത്മജ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയുമായി. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ ലഭിക്കാത്തതിൽ കുറച്ചുനാളായി അവർ അതൃപ്തിയിലായിരുന്നു.

**ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;**

ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും അതിന്റെ കത്ത് പ്രസിഡന്റിന് അയക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം, ഇനിയുള്ള കാലം ഏവരോടും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്നെ വിമർശിക്കുന്നവരോടും, വെറുക്കുന്നവരോടും, ഇഷ്ടപ്പെടുന്നവരോടും ഒരുപോലെ സ്നേഹം മാത്രമായിരിക്കും. ഇതൊരു തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അർത്ഥങ്ങൾ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഞാനില്ല.

Padmaja Venugopal said she wants to spend the rest of her life in love, peace and happiness, stressing that her decision to quit the BJP is purely personal. She also said there should be no larger political interpretation to her move, even as speculation grows over a possible return to the Congress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392356/padmaja-venugopal-personal-decision-bjp-exit)