---
title: "അഭിരാമിനെ കൊന്നത് തേങ്ങാകൊണ്ട് തലയ്ക്കടിച്ച്....! പിന്നാലെ ബെല്‍റ്റുകൊണ്ട് കഴുത്തി ഞെരിച്ച് മരണം ഉറപ്പിച്ചു; അടിയേറ്റ് തലയോട്ടി പൊട്ടി; കൗമാരക്കൊലയുടെ പൂര്‍ണ ചിത്രം ഇങ്ങനെ"
english_title: "Abhiram Murder Case: Coconut Blow, Then Belt Strangulation Revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392352/abhiram-murder-case-coconut-belt-strangulation"
published_at: "2026-11-19T21:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff1e82a6ef3_abhiram-murder-case-coconut-belt-strangulation.jpg"
keywords: ["AbhiramMurder", "KeralaCrime", "Thiruvananthapuram", "TeenCrime", "MurderInvestigation"]
---

# അഭിരാമിനെ കൊന്നത് തേങ്ങാകൊണ്ട് തലയ്ക്കടിച്ച്....! പിന്നാലെ ബെല്‍റ്റുകൊണ്ട് കഴുത്തി ഞെരിച്ച് മരണം ഉറപ്പിച്ചു; അടിയേറ്റ് തലയോട്ടി പൊട്ടി; കൗമാരക്കൊലയുടെ പൂര്‍ണ ചിത്രം ഇങ്ങനെ

> **Lead Summary:** തിരുവനന്തപുരം: കേരളത്തെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാമിൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിരാമിനെ ആദ്യം ആക്രമിച്ചത് തേങ്ങാകൊണ്ട് തലക്കടിച്ചാണ്. തലക്കടിയേറ്റ് അഭിരാമിന്‍റെ തലയോട്ടി പൊട്ടി. അതിന് ശേഷം ബെല്‍റ്റുകൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ഇതോടെ അഭിരാം കൊലക്കേസിന്‍റെ പൂര്‍ണചിത്രം തെളിഞ്ഞു.

## Article Content

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാമിൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിരാമിനെ ആദ്യം ആക്രമിച്ചത് തേങ്ങാകൊണ്ട് തലക്കടിച്ചാണ്. തലക്കടിയേറ്റ് അഭിരാമിന്‍റെ തലയോട്ടി പൊട്ടി. അതിന് ശേഷം ബെല്‍റ്റുകൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ഇതോടെ അഭിരാം കൊലക്കേസിന്‍റെ പൂര്‍ണചിത്രം തെളിഞ്ഞു.

അഭിരാം കൊല്ലപ്പെട്ടത് നവംബര്‍ ഒന്നിനാണ്. അന്ന് ഞായറാഴ്ചയായിരുന്നു. അതിന് തലേദിവസം തന്നെ ശനിയാഴ്ച മുതല്‍ അഭിരാമിനെ കൊല നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താനുള്ള നീക്കം പ്രതികള്‍ തുടങ്ങി. അഭിരാമിനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

അതിന് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. 1–ഒന്നാം പ്രതിയുടെ പഴയ കാമുകിയുമായി അഭിരാമിന്‍റെ സുഹൃത്ത് അടുപ്പത്തിലായത്. 2– പ്രതിയുടെ ഇപ്പോഴത്തെ സുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേര്‍ന്നാണെന്ന് വിശ്വാസം.

ഇത് രണ്ടും ചേര്‍ന്ന് വൈരാഗ്യമായതോടെ ഇരുവരെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായി രണ്ടാം പ്രതിയായ ഉമറുമായി ചേര്‍ന്ന് ഒന്നാം പ്രതിയായ പതിനേഴുകാരന്‍ പദ്ധതി തയാറാക്കി.

ആനന്ദയെന്ന വ്യാജേന ചാറ്റ് ചെയ്ത ഒന്നാം പ്രതി അഭിരാമിനോട് ഞായറാഴ്ച വൈകിട്ട് മൂന്നു മണിയാകുമ്പോള്‍ മണ്‍വിളയിലെത്താന്‍ ചാറ്റിലൂടെ ആവശ്യപ്പെട്ടു. അവിടെയുള്ള ബന്ധുവീട്ടില്‍ ആനന്ദയുണ്ടെന്നും ആനന്ദയെ കാണാമെന്നുമാണ് പറഞ്ഞിരുന്നത്.

അത് വിശ്വസിച്ച അഭിരാം വൈകിട്ട് 2.45 ഓടെ വീട്ടില്‍ നിന്നിറങ്ങി. നടന്ന് മൂന്ന് കഴിഞ്ഞപ്പോള്‍ മണ്‍വിളയിലെത്തി. അരമണിക്കൂറോളം അവിടെ കാത്ത് നിന്നിട്ടും ആനന്ദ വന്നില്ല. നാല് മണി വരെ നോക്കിയിട്ട് തിരികെ പോകാമെന്ന് കരുതി അഭിരാം നില്‍ക്കുമ്പോളാണ് ഒന്നാം പ്രതിയായ പതിനേഴുകാരന്‍ പ്രത്യക്ഷപ്പെടുന്നത്.

ചാറ്റ് ചെയ്തത് ആനന്ദയല്ലെന്നും താനാണെന്നും അവിടെ വെച്ച് ഒന്നാം പ്രതി വെളിപ്പെടുത്തി. പക്ഷേ ആക്രമിക്കാന്‍ ശ്രമിക്കുകയോ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തില്ല. സൗഹാര്‍ദപരമായി ചില കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് കൊല നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ നാലരയോടെ അഭിരാമും ഒന്നാം പ്രതിയും കൊല നടന്ന കാട്ടിലെത്തി.

ആ സമയം അവിടെ ഉമര്‍ ഉണ്ടായിരുന്നില്ല. പക്ഷേ അവിടെയെത്തിയതോടെ ഒന്നാം പ്രതിയുടെ മട്ടും ഭാവവും മാറി. ആനന്ദയുടെ സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തുമല്ലേ എന്ന് ചോദിച്ച് തര്‍ക്കം തുടങ്ങി. സുഹൃത്തിനെയും വിളിച്ചുവരുത്താന്‍ അഭിരാമിനോട് ആവശ്യപ്പെട്ടു. അഭിരാം അതിന് തയാറാകാതിരുന്നതോടെ കയ്യാങ്കളിയായി. ആ കയ്യാങ്കളിക്കിടയിലാണ് തേങ്ങയെടുത്ത് അഭിരാമിന്‍റെ തലക്കടിച്ചത്. രണ്ട് തവണ ഇടിയേറ്റതോടെ അഭിരാം ബോധം കെട്ട് വീണു.

ഇതോടെ നേരത്തെ പറഞ്ഞുറപ്പിച്ച പ്ലാന്‍ അനുസരിച്ച് ഒന്നാം പ്രതി ഉമറിനെ വിളിച്ചുവരുത്തി. ഉമര്‍ വന്നയുടന്‍ അഭിരാമിനെ ഉണര്‍ത്താന്‍ ശ്രമിച്ചു. പാതി ബോധം തെളിഞ്ഞതോടെ വീണ്ടും ആക്രമിച്ചു. ഒടുവില്‍ അഭിരാമിന്‍റെ തന്നെ ബെല്‍റ്റ് ഊരി അഭിരാമിന്‍റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി.

അതിന് ശേഷം മൃതദേഹം ചാക്കിലാക്കി ആക്കുളം കായലില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പക്ഷേ മഴ പെയ്തതോടെ അത് പാളി. തെളിവ് നശിപ്പിക്കാനായി കൊല്ലാനുപയോഗിച്ച ബെല്‍റ്റും അഭിരാമിന്‍റെ മൊബൈലും വസ്ത്രങ്ങളും കല്ലില്‍ കെട്ടി സമീപത്തെ കിണറ്റില്‍ താഴ്ത്തി.

പ്രതികളുടെ പലതവണയുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് അഭിരാം കൊലക്കേസിന്‍റെ ചിത്രം തെളിഞ്ഞത്.

Investigators have uncovered disturbing new details in the murder of Abhiram in Sriകാര്യം Pangappara, Thiruvananthapuram. According to the account, the victim was first struck on the head with a coconut, then strangled with a belt to ensure death, before the accused attempted to destroy evidence.

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392352/abhiram-murder-case-coconut-belt-strangulation)