---
title: "ജഡായുപാറയിലേക്ക് പ്രധാനമന്ത്രിയും എത്തുന്നു? സന്ദർശനം സംബന്ധിച്ച് സൂചന നൽകി സുരേഷ് ഗോപി, ആവേശത്തോടെ വിനോദസഞ്ചാര മേഖല"
english_title: "Will the Prime Minister Visit Jatayupara? Suresh Gopi Hints at Trip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392338/prime-minister-jatayupara-visit-hint"
published_at: "2026-11-19T19:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff042f0448f_prime-minister-jatayupara-visit-hint.jpg"
keywords: ["Jatayupara", "SureshGopi", "NarendraModi", "Tourism", "KeralaNews"]
---

# ജഡായുപാറയിലേക്ക് പ്രധാനമന്ത്രിയും എത്തുന്നു? സന്ദർശനം സംബന്ധിച്ച് സൂചന നൽകി സുരേഷ് ഗോപി, ആവേശത്തോടെ വിനോദസഞ്ചാര മേഖല

> **Lead Summary:** പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ചടയമംഗലത്തെ ജഡായുപാറ സന്ദർശിക്കാൻ എത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് ആദ്യം ജഡായു പാറ സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രധാനമന്ത്രി എത്തുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

## Article Content

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ചടയമംഗലത്തെ ജഡായുപാറ സന്ദർശിക്കാൻ എത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് ആദ്യം ജഡായു പാറ സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രധാനമന്ത്രി എത്തുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ജഡായു പാറയുടെ ശിൽപിയും സംവിധായകനുമായ രാജീവ് അഞ്ചലുമായി കേന്ദ്ര ടൂറിസം മന്ത്രി ചർച്ച നടത്തിയതായും ഡൽഹിയിൽ നടക്കുന്ന ദേശീയ ബിനാലെയിൽ ജഡായു ശിൽപിയെ സംബന്ധിച്ചുള്ള സെക്ഷൻ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായും സുരേഷ് ഗോപി പറഞ്ഞു.

യോഗത്തിനിടെ കേന്ദ്ര ടൂറിസം മന്ത്രി ജഡായുപാറ സന്ദർശിക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്നതായി ജഡായു എർത്ത്സ് സെന്റർ സ്ഥാപകൻ രാജീവ് അഞ്ചലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെയും കേന്ദ്ര ടൂറിസം മന്ത്രിയുടെയും സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക വിവരം അറിവായിട്ടില്ല.

എന്നാൽ, ഡൽഹി ബിനാലെയിൽ ജഡായുവിന്റെ സാന്നിധ്യം വേണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സൂചിപ്പിച്ചെന്നും ആവശ്യപ്പെട്ടതുപ്രകാരം ജഡായുവിന്റെ ഡിസൈൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും രാജീവ് അഞ്ചൽ വ്യക്തമാക്കി.

ഗജേന്ദ്രസിങ് ഷെഖാവത് ആയിരിക്കും ആദ്യം സന്ദർശിക്കുകയെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വ്യക്തതയില്ല. എന്നാൽ, അദ്ദേഹത്തിന് വരാൻ കഴിയട്ടെയെന്നും അതിന് സാധിച്ചാൽ വലിയൊരു സന്തോഷമായിരിക്കുമെന്നും അഭിമാനമായിരിക്കുമെന്നും രാജീവ് അഞ്ചൽ വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായുപാറ ഇതിഹാസ കഥാപാത്രമായ ജഡായുവിന്റെ സ്മാരകമായും പ്രകൃതിരമണീയമായ ടൂറിസം കേന്ദ്രമായും നേരത്തെ തന്നെ ശ്രദ്ധേയമാണ്. എന്നാൽ, നിലവിൽ തീയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ റിലീസായതിനുശേഷമാണ് ശിൽപം കൂടുതൽ ജനപ്രിയമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമടക്കം ജഡായുപാറ സന്ദർശിക്കാനെത്തിയിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയും കേന്ദ്ര ടൂറിസം മന്ത്രിയും സന്ദർശനത്തിന് എത്തുന്നുമെന്ന വാർത്തകൾ വരുന്നത്.

Union Minister Suresh Gopi has indicated that Prime Minister Narendra Modi may visit Jatayupara in Chadayamangalam, Kollam, though there is no official confirmation yet. He said Tourism Minister Gajendra Singh Shekhawat is likely to visit first, while Jatayu Earth’s Centre founder Rajiv Anchal also spoke about the minister’s interest in the site.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392338/prime-minister-jatayupara-visit-hint)