---
title: "500-ലധികം ഭീകരർ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേക്ക് കടക്കാന്‍  തയ്യാറായിനില്‍ക്കുന്നു:രഹസ്യാന്വേഷണ റിപ്പോർട്ട്"
english_title: "Report Says 500 Terrorists Await Infiltration Into Kashmir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392336/kashmir-terrorist-infiltration-report"
published_at: "2026-11-19T19:31:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff0209b25e0_kashmir-terrorist-infiltration-report.jpg"
keywords: ["KashmirTerror", "IntelligenceReport", "ISI", "LashkarEToiba", "IndiaNews"]
---

# 500-ലധികം ഭീകരർ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേക്ക് കടക്കാന്‍  തയ്യാറായിനില്‍ക്കുന്നു:രഹസ്യാന്വേഷണ റിപ്പോർട്ട്

> **Lead Summary:** ന്യൂഡൽഹി: ലതീഫ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാൻ പാകിസ്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനുള്ള ഈ നീക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

## Article Content

ന്യൂഡൽഹി: ലതീഫ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാൻ പാകിസ്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനുള്ള ഈ നീക്കം പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വൊയ്ബയുമായി ചേർന്നാണ് അതിർത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ശക്തമാക്കാൻ ഐഎസ്‌ഐ ശ്രമിക്കുന്നതെന്ന് രഹസ്യവിവരങ്ങൾ പറയുന്നു. ലതീഫ് ഭട്ട് കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടക്കുമ്പോഴും ഭീകരവാദികളെ ഏകോപിപ്പിക്കുന്ന പാകിസ്താനിലെ ആശയവിനിമയ ശൃംഖലകൾ സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ലഷ്‌കറെ ത്വൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളിൽപ്പെട്ട 500-ലധികം ഭീകരർ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറായി കാത്തുനിൽക്കുകയാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ വിലയിരുത്തൽ. നേരത്തെ ഘട്ടങ്ങളായി നുഴഞ്ഞുകയറ്റം നടത്തുന്നതിന് പകരം, ഒരേസമയം വിവിധ പാതകളിലൂടെ കൂടുതൽ ഭീകരരെ കടത്തിവിടാനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നതെന്നും പറയുന്നു.

ബുദ്ഗാം, കുപ്വാര, പൂഞ്ച്, ഉറി തുടങ്ങിയ മേഖലകളിലൂടെ ഒരേസമയം നുഴഞ്ഞുകയറ്റം നടത്തി സുരക്ഷാ സേനയുടെ ശ്രദ്ധ പലയിടങ്ങളിലേക്ക് തിരിക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതിർത്തി കടക്കുന്ന ഭീകരർക്ക് ഉടൻ പ്രത്യേക ആക്രമണ ദൗത്യങ്ങളൊന്നും നൽകിയിട്ടില്ലെന്നും, ഇന്ത്യയിലെത്തിയ ശേഷം അടുത്ത നിർദ്ദേശം കിട്ടുന്നതുവരെ നിബിഡ വനങ്ങളിൽ ഒളിച്ചിരിക്കണമെന്നുമാണ് നിർദേശം എന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻപ് പഹൽഗാമിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഭീകരർ മാസങ്ങളോളം കാടുകളിൽ ഒളിച്ചിരുന്നതിന് സമാനമായ തന്ത്രമാണിതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. താമസസൗകര്യം, ലോജിസ്റ്റിക്‌സ്, ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം എന്നിവ പ്രാദേശിക ഓവർഗ്രൗണ്ട് വർക്കർമാർ വഴിയാകും നടത്തുക എന്നും പറയുന്നു.

സുരക്ഷാ ഏജൻസികളുടെ സംശയം ഒഴിവാക്കാൻ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെ റിക്രൂട്ട് ചെയ്ത് ഓവർഗ്രൗണ്ട് വർക്കർ ശൃംഖല പുനർനിർമ്മിക്കാനും ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിൽ മുൻകാല ക്രിമിനൽ റെക്കോർഡുകളില്ലാത്ത പുതിയ ആളുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും വിവരമുണ്ട്.

ലതീഫ് ഭട്ടിന്റെ മരണത്തിന് ശേഷം താഴ്വരയിൽ വ്യാജവാർത്തകളും വർഗീയ സംഘർഷങ്ങളും സൃഷ്ടിച്ച് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാക്കാൻ ലഷ്‌കറെ ത്വൊയ്ബ ശ്രമിച്ചേക്കാമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. അത്തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങൾക്കിടയിൽ ഭീകരർക്ക് വീണ്ടും ശൃംഖല കെട്ടിപ്പടുക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

An intelligence report says Pakistan, with ISI support, is planning a coordinated infiltration of terrorists into Jammu and Kashmir through multiple routes. The report claims over 500 militants from Lashkar-e-Taiba, Hizbul Mujahideen and Jaish-e-Mohammed are positioned at launch pads in Pakistan-occupied Kashmir, awaiting orders to cross into India.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392336/kashmir-terrorist-infiltration-report)