---
title: "ആ വേട്ടയും അവസാനിച്ചു; ഗൂഢാലോചന തെളിയിക്കാനായില്ല; അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷും കുറ്റക്കാരെല്ലെന്ന് കോടതി"
english_title: "No Conspiracy Proven: Court Acquits P. Jayarajan and T.V. Rajesh in Shukoor Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392251/shukoor-murder-case-acquittal-new-"
published_at: "2026-11-19T11:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe8d1a792f9_shukoor-murder-case-acquittal.jpg"
keywords: ["ShukoorMurderCase", "PJayarajan", "TVRajesh", "KeralaPolitics", "CourtVerdict"]
---

# ആ വേട്ടയും അവസാനിച്ചു; ഗൂഢാലോചന തെളിയിക്കാനായില്ല; അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി. രാജേഷും കുറ്റക്കാരെല്ലെന്ന് കോടതി

> **Lead Summary:** ആ വേട്ടയും അവസാനിച്ചു. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ മൂന്നാം പ്രത്യേക സിബിഐ കോടതി വിധിച്ചു.

## Article Content

ആ വേട്ടയും അവസാനിച്ചു. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കൊച്ചിയിലെ മൂന്നാം പ്രത്യേക സിബിഐ കോടതി വിധിച്ചു.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.

2012 ഫെബ്രുവരി 19-ന് വൈകിട്ട് അരിയിൽ പ്രദേശത്ത് മുസ്‌ലിം ലീഗും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20-ന് രാവിലെ 11.30-ന് ശേഷം പ്രദേശം സന്ദർശിക്കാനെത്തിയ പി. ജയരാജന്റെയും അന്നത്തെ കല്യാശ്ശേരി എംഎൽഎ ടി.വി. രാജേഷിന്റെയും വാഹനം അരിയിൽ മുസ്‌ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു.

ഇതിനിടെ, കോതായിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഷുക്കൂറും സുഹൃത്തുക്കളും വീടിന് മുന്നിലെ പുഴയിലൂടെ തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവൻ കടവിൽവെച്ച് സിപിഐഎം പ്രവർത്തകർ ഇവരെ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയ ഇവരെ തടഞ്ഞുവെച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഈ സമയത്ത് പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീഴറയിൽ നിന്നുള്ള സിപിഐഎം പ്രവർത്തകർ ആശുപത്രിയിലുണ്ടായിരുന്ന നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ശേഷമാണ് ഷുക്കൂറിനെ വയലിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നായിരുന്നു സിബിഐ കുറ്റപത്രത്തിലെ ആരോപണം.

ഷുക്കൂറിനൊപ്പം അവസാനം വരെയുണ്ടായിരുന്ന സക്കരിയയ്ക്ക് ആക്രമണത്തിൽ മാരകമായി വെട്ടേറ്റെങ്കിലും രക്ഷപ്പെട്ടു. കണ്ണപുരം പൊലീസാണ് സക്കരിയയെ രക്ഷപ്പെടുത്തി ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന പി.വി. അയ്യൂബ്, ഹാരിസ് എം.കെ, പി. അബ്ദുൽ സലാം എന്നിവരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

സക്കരിയ നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സിഐ യു. പ്രേമനായിരുന്നു പ്രാഥമിക അന്വേഷണ ചുമതല. തുടർന്ന് ഷുക്കൂറിന്റെ മാതാവ് പി. ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 2016 ഫെബ്രുവരിയിൽ കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2019 ഫെബ്രുവരി 11-നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 81 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

The court acquitted CPM leaders P. Jayarajan and T.V. Rajesh in the Ariyil Shukoor murder case, saying the conspiracy charge could not be proven. The case had sparked major political debate and controversy in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392251/shukoor-murder-case-acquittal-new-)