---
title: "ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് 40,000 രൂപയുടെ ഫോൺ; ലഭിച്ചത് പഴകിയ ഡമ്മി ഫോൺ! ഓൺലൈൻ തട്ടിപ്പിനിരയായി വടകര സ്വദേശി"
english_title: "Amazon fraud: Vatakara man gets dummy phone instead of Rs 40,000 handset"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392038/amazon-fraud-dummy-phone-vatakara-man"
published_at: "2026-11-17T21:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc7b8f8616d_amazon-fraud-dummy-phone-vatakara-man.jpg"
keywords: ["AmazonFraud", "Vatakara", "KeralaNews", "OnlineShopping", "ConsumerComplaint"]
---

# ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് 40,000 രൂപയുടെ ഫോൺ; ലഭിച്ചത് പഴകിയ ഡമ്മി ഫോൺ! ഓൺലൈൻ തട്ടിപ്പിനിരയായി വടകര സ്വദേശി

> **Lead Summary:** കോഴിക്കോട്: ആമസോണിൽ നിന്ന് ഫോൺ ഓർഡർ ചെയ്ത വടകര സ്വദേശി എം.ആർ. ഹരികൃഷ്ണന് ലഭിച്ചത് പുതിയ മൊബൈൽ അല്ല, പഴകിയ ഡമ്മി ഫോൺ. തന്റെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ആമസോൺ വെയർഹൗസിൽ നേരിട്ട് ഡെലിവറി ഏറ്റുവാങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

## Article Content

കോഴിക്കോട്: ആമസോണിൽ നിന്ന് ഫോൺ ഓർഡർ ചെയ്ത വടകര സ്വദേശി എം.ആർ. ഹരികൃഷ്ണന് ലഭിച്ചത് പുതിയ മൊബൈൽ അല്ല, പഴകിയ ഡമ്മി ഫോൺ. തന്റെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ആമസോൺ വെയർഹൗസിൽ നേരിട്ട് ഡെലിവറി ഏറ്റുവാങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

കഴിഞ്ഞ 31-നാണ് ഹരികൃഷ്ണൻ അരലക്ഷത്തോളം വിലവരുന്ന ഓപ്പോ റെനോ 16സി ഫോൺ ഓർഡർ ചെയ്തത്. ഡെലിവറി സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ആമസോണിന്റെ വടകരയിലെ വെയർഹൗസിൽ എത്തിയാണ് ഫോൺ വാങ്ങാൻ തീരുമാനിച്ചത്. എക്സ്ചേഞ്ച് നടപടികൾ പൂർത്തിയാക്കി തന്റെ പഴയ വൺപ്ലസ് നോർഡ് സി.ഇ3 5ജി കൈമാറിയ ശേഷമാണ് പാക്കറ്റ് തുറന്നുനോക്കിയത്.

സിം കാർഡ് ഇടാൻ ബോക്സ് തുറന്നപ്പോഴാണ് അകത്ത് പുതിയ ഫോണിന് പകരം ഡമ്മി വിവോ ഫോൺ കണ്ടത്. എക്സ്ചേഞ്ച് തുക കുറച്ച ശേഷം 40430 രൂപയാണ് ഹരികൃഷ്ണനിൽ നിന്ന് ഈടാക്കിയിരുന്നത്. ഡെലിവറി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പാക്കറ്റ് തുറന്നത് എന്നതിനാൽ തട്ടിപ്പ് ഉടൻ തന്നെ എല്ലാവർക്കും മനസ്സിലായി.

ഉടനെ ജീവനക്കാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഉപഭോക്തൃ സേവന വിഭാഗത്തിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആമസോൺ വെയർഹൗസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ടെന്ന് പറയുന്നു.

ആദ്യഘട്ടത്തിൽ എക്സ്ചേഞ്ച് ഫോൺ തിരികെ നൽകാനാകില്ലെന്ന് വെയർഹൗസ് ജീവനക്കാർ അറിയിച്ചെങ്കിലും, താൽക്കാലികമായി ഉപയോഗിക്കാൻ പഴയ ഫോൺ തിരികെ നൽകി. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയെങ്കിലും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് ഹരികൃഷ്ണൻ പറയുന്നു.

കമ്പനി അധികൃതരെ മെയിൽ വഴിയും ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ വഴിയും കേരള പോലീസിന്റെ തുണ പോർട്ടലിലും ഓൺലൈൻ പരാതി നൽകിയിട്ടുണ്ട്. ഇ-ജാഗ്രതി പോർട്ടൽ വഴി ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് ഹരികൃഷ്ണന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392038/amazon-fraud-dummy-phone-vatakara-man)