---
title: "ഇന്ത്യൻ വീസയിൽ വൻ പരിഷ്കാരം;  ടൂറിസ്റ്റ് വീസ ഇനി 'വിസിറ്റർ വീസ"
english_title: "Indian Visa Rules Simplified; Tourist Visa Renamed Visitor Visa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392029/indian-visa-rules-simplified-visitor-visa"
published_at: "2026-11-17T20:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6b95653df_indian-visa-rules-simplified-visitor-visa.jpg"
keywords: ["IndiaVisaReforms", "VisitorVisa", "MedicalVisa", "StudentVisa", "TravelIndia"]
---

# ഇന്ത്യൻ വീസയിൽ വൻ പരിഷ്കാരം;  ടൂറിസ്റ്റ് വീസ ഇനി 'വിസിറ്റർ വീസ

> **Lead Summary:** ന്യൂഡൽഹി:വിദേശികളെ ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീസ ചട്ടങ്ങളിൽ വലിയ മാറ്റം കൊണ്ടുവന്നു. പ്രധാന വീസ വിഭാഗങ്ങൾ 13-ൽ നിന്ന് 9 ആയും, ഉപവിഭാഗങ്ങൾ 49-ൽ നിന്ന് 23 ആയും ചുരുക്കി. അപേക്ഷാ ഫോമുകളും ലഘൂകരിച്ചു. പുതിയ വീസകൾ 2026 അവസാനത്തോടെ* നൽകിത്തുടങ്ങുമെന്നാണ് അറിയിപ്പ്. 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇപ്പോൾ ഇ-വീസ ലഭ്യമാണ്.

## Article Content

ന്യൂഡൽഹി:വിദേശികളെ ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീസ ചട്ടങ്ങളിൽ വലിയ മാറ്റം കൊണ്ടുവന്നു. പ്രധാന വീസ വിഭാഗങ്ങൾ 13-ൽ നിന്ന് 9 ആയും, ഉപവിഭാഗങ്ങൾ 49-ൽ നിന്ന് 23 ആയും ചുരുക്കി. അപേക്ഷാ ഫോമുകളും ലഘൂകരിച്ചു. പുതിയ വീസകൾ 2026 അവസാനത്തോടെ* നൽകിത്തുടങ്ങുമെന്നാണ് അറിയിപ്പ്. 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇപ്പോൾ ഇ-വീസ ലഭ്യമാണ്.

ടൂറിസ്റ്റ് വീസ ഇനി വിസിറ്റർ വീസ

ടൂറിസ്റ്റ് വീസ ഇനി വിസിറ്റർ വീസ എന്ന പേരിലാകും അറിയപ്പെടുക. യാത്രയുടെ ഉദ്ദേശ്യവും താമസകാലവും അനുസരിച്ച് വി-1, വി-2 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്.

വി-1 വീസ: ബിസിനസ് മീറ്റിങ്ങുകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, വെൽനസ് റിട്രീറ്റുകൾ, ഹ്രസ്വകാല വൈദ്യചികിത്സ, സംഗീതം, കല, കരകൗശലം തുടങ്ങിയ കോഴ്സുകൾക്കായി എത്തുന്നവർക്ക്. 30 ദിവസത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയാണിത്.

വി-2 വീസ: ദീർഘകാലം തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്. നിബന്ധനകൾക്ക് വിധേയമായി 1, 5, 10 വർഷത്തെ കാലാവധി ലഭിക്കും. വി-1-ൽ അനുവദിച്ച കാര്യങ്ങൾക്കൊപ്പം പർവതാരോഹണത്തിനും ഇത് ഉപയോഗിക്കാം. പർവതാരോഹണത്തിന് എത്തുന്നവർക്ക് 6 മാസത്തെ പ്രത്യേക മൾട്ടിപ്പിൾ എൻട്രി* വ്യവസ്ഥയും ഉണ്ട്.

മെഡിക്കൽ വീസയിലും മാറ്റം

ആധുനിക ചികിത്സയ്ക്ക് *എം-1, ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിത്സകൾക്ക് എം-3 വീസ. ഇരുവരും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസകളാണ്. രോഗികളോടൊപ്പം വരുന്നവർക്കായി എം-2, എം-4 വീസകളും ഒരുക്കിയിട്ടുണ്ട്.

വിദ്യാർഥികൾക്ക് ലളിതമായ വീസ

സ്റ്റുഡന്റ് വീസയും ലളിതമാക്കി. ഇനി മൂന്ന് വിഭാഗങ്ങൾ മാത്രം:

എസ്-1- അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കാൻ

എസ്-2 - ഗവേഷണം, എക്സ്ചേഞ്ച് പ്രോഗ്രാം, ഇന്റേൺഷിപ്പ്

ഇ-എസ്1 - സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ വഴി വരുന്നവർക്ക്. ഇത് 5 വർഷം വരെ അല്ലെങ്കിൽ കോഴ്സ് പൂർത്തിയാകുന്നതുവരെ സാധുവായിരിക്കും.

ബിസിനസ് വീസ

ദീർഘകാല ലൈസൻസ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് *ബി-1*, ഹ്രസ്വകാല കരാർ ജോലികൾ, കോൺഫറൻസുകൾ, കായിക മത്സരങ്ങൾ, കലാപ്രകടനങ്ങൾ, സിനിമാ ചിത്രീകരണം എന്നിവയ്ക്ക് *ബി-2* വീസ. ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന വിദേശ ടെക്നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയവർക്കുള്ള പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് ബിസിനസ് വീസയും ഇ-വീസ പ്ലാറ്റ്ഫോം വഴിയാകും നൽകുക.

ഡിപ്ലോമാറ്റിക്, ഒഫീഷ്യൽ, വർക്ക്, ജേണലിസ്റ്റ്, മിസലേനിയസ് വീസ വിഭാഗങ്ങളും പുതുക്കി നിർവചിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392029/indian-visa-rules-simplified-visitor-visa)