---
title: "പമ്പയിലേക്ക് യാത്രാനുമതി വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് മാത്രം; ശബരിമല സര്‍വീസില്‍ നിര്‍ദേശങ്ങളുമായി കെഎസ്ആര്‍ടിസി"
english_title: "KSRTC Says Only Virtual Queue Booked Devotees Can Travel to Pamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391889/ksrtc-virtual-queue-pamba-guidelines"
published_at: "2026-11-16T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb216488645_ksrtc-virtual-queue-pamba-guidelines.jpg"
keywords: ["KSRTC", "Sabarimala", "Pamba", "VirtualQueue", "KeralaNews"]
---

# പമ്പയിലേക്ക് യാത്രാനുമതി വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് മാത്രം; ശബരിമല സര്‍വീസില്‍ നിര്‍ദേശങ്ങളുമായി കെഎസ്ആര്‍ടിസി

> **Lead Summary:** തിരുവനന്തപുരം: മണ്ഡലക്കാലത്ത് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമേ പമ്പയിലേക്ക് കൊണ്ടുപോകൂവെന്ന് നിർദേശത്തിൽ പറയുന്നു.

## Article Content

തിരുവനന്തപുരം: മണ്ഡലക്കാലത്ത് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമേ പമ്പയിലേക്ക് കൊണ്ടുപോകൂവെന്ന് നിർദേശത്തിൽ പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ പമ്പയിലേക്ക് നേരിട്ട് എത്തുന്നവരിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവർക്ക് പമ്പയിൽ ദർശനത്തിനുള്ള ബുക്കിംഗ് ലഭിക്കില്ല. അത്തരക്കാർക്ക് സ്പോട്ട് ബുക്കിംഗിനായി വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരുമെന്നും കെഎസ്ആർടിസി അറിയിച്ചു.

സ്പോട്ട് ബുക്കിംഗിനായി വരുന്ന ഭക്തരെ നിലയ്ക്കലിൽ ഇറക്കാനാണ് തീരുമാനം. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ വെർച്വൽ ക്യൂ ബുക്കിംഗ് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ബുക്കിംഗ് സ്ലിപ്പ് അല്ലെങ്കിൽ QR കോഡ് പരിശോധിച്ച ശേഷം മാത്രമേ പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകാവൂ.

ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടും സമയനഷ്ടവും കുറയ്ക്കാനും പമ്പയിൽ അനാവശ്യ തിരക്ക് ഒഴിവാക്കാനുമാണ് ഈ നടപടി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ അധിക തിരക്ക് ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യണം. ബുക്കിംഗ് ഇല്ലാത്തവരെ നിലയ്ക്കലിൽ ഇറക്കി അവിടെ സ്പോട്ട് ബുക്കിംഗിന് വേണ്ട സൗകര്യം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കാനും അറിയിപ്പ് നൽകാനും കെഎസ്ആർടിസി നിർദേശിച്ചിട്ടുണ്ട്.

KSRTC has issued new instructions for Sabarimala services during the Mandala season, saying only devotees with virtual queue bookings will be taken to Pampa. Those without bookings will be dropped at Nilakkal for spot booking, to reduce crowding and inconvenience at Pampa.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391889/ksrtc-virtual-queue-pamba-guidelines)