---
title: "ഹോർമൂസ് കടലിടുക്കിൽ എണ്ണടാങ്കർ ആക്രമണം; 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പൽ മുങ്ങിയതായി റിപ്പോർട്ട്, സമുദ്രഗതാഗതത്തിന് മുന്നറിയിപ്പ്"
english_title: "Supertanker attacked in Strait of Hormuz, vessel carrying 2 million barrels sinks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391758/supertanker-attacked-strait-of-hormuz"
published_at: "2026-11-15T21:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9d928b775a_supertanker-attacked-strait-of-hormuz.jpg"
keywords: ["StraitOfHormuz", "SupertankerAttack", "IranRevolutionaryGuard", "UKMTO", "OilTankerExplosion"]
---

# ഹോർമൂസ് കടലിടുക്കിൽ എണ്ണടാങ്കർ ആക്രമണം; 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ കപ്പൽ മുങ്ങിയതായി റിപ്പോർട്ട്, സമുദ്രഗതാഗതത്തിന് മുന്നറിയിപ്പ്

> **Lead Summary:** ഹോർമൂസ് കടലിടുക്കിൽ 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. കടൽ മൈനിൽ തട്ടി കപ്പലിന് തീപിടിക്കുകയും വലിയ സ്‌ഫോടനത്തിന് പിന്നാലെ അത് മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

## Article Content

ഹോർമൂസ് കടലിടുക്കിൽ 20 ലക്ഷം ബാരൽ ഇന്ധനവുമായി പോയ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. കടൽ മൈനിൽ തട്ടി കപ്പലിന് തീപിടിക്കുകയും വലിയ സ്‌ഫോടനത്തിന് പിന്നാലെ അത് മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

ടെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, രണ്ടു എണ്ണക്കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിച്ചെന്നാണ് റെവല്യൂഷണറി ഗാർഡ് പറയുന്നത്. അതിൽ ഒന്നാണ് മുങ്ങിയതെന്നും പറയുന്നു. എന്നാൽ കപ്പലിന്റെ പേര്, പതാക, ഉടമസ്ഥത, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ പുറത്തുവിട്ടിട്ടില്ല.

മുങ്ങിയ ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച് അപകടമുണ്ടാകാതിരിക്കാൻ ഈ മേഖലയിലൂടെ കടന്നുപോവുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ഇറാൻ സുരക്ഷാനിർദേശം നൽകിയിട്ടുണ്ട്. നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിക്കൊണ്ട് അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മൈൻ ആക്രമണമുണ്ടായതെന്നാണ് ഇറാൻ മാധ്യമങ്ങൾ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.

സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായതായി പറയുന്നു. അതിന്റെ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്ന ഇറാനുമായുള്ള ധാരണ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും റെവല്യൂഷണറി ഗാർഡ് നൽകി.

ഹോർമൂസിൽ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചു. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ധനചോർച്ചയും മറ്റ് അപകട സാധ്യതകളും നിലനിൽക്കുന്നതിനാൽ ഈ പാത ഒഴിവാക്കണമെന്ന് അവർ മുന്നറിയിപ്പും നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391758/supertanker-attacked-strait-of-hormuz)