---
title: "'റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കണ്ട 19കാരി; ബാഗിലും താമസമുറിയിലും നിരവധി പേഴ്‌സുകൾ', തിരൂരിൽ മോഷണക്കേസിൽ യുവതി അറസ്റ്റിൽ"
english_title: "19-Year-Old Woman Arrested in Tirur Theft Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391731/tirur-theft-19-year-old-woman-arrested"
published_at: "2026-11-15T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af986464aceb_tirur-theft-19-year-old-woman-arrested.jpg"
keywords: ["TirurTheft", "MalappuramNews", "KeralaPolice", "BagTheft", "PurseTheft"]
---

# 'റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കണ്ട 19കാരി; ബാഗിലും താമസമുറിയിലും നിരവധി പേഴ്‌സുകൾ', തിരൂരിൽ മോഷണക്കേസിൽ യുവതി അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: മലപ്പുറം തിരൂരിൽ യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗുകളിൽനിന്ന് പേഴ്‌സും പണവും മോഷ്ടിച്ചുവെന്ന പരാതിയിൽ 19 കാരി അറസ്റ്റിലായി. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദേവിക സുധീഷ് ആണ് പിടിയിലായത്.

## Article Content

മലപ്പുറം: മലപ്പുറം തിരൂരിൽ യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗുകളിൽനിന്ന് പേഴ്‌സും പണവും മോഷ്ടിച്ചുവെന്ന പരാതിയിൽ 19 കാരി അറസ്റ്റിലായി. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദേവിക സുധീഷ് ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് തിരൂർ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

വിശദമായ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും താമസിക്കുന്ന മുറിയിൽ നിന്നും നിരവധി പേഴ്‌സുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവ മോഷണത്തിലൂടെ ലഭിച്ചതാണെന്നാണ് പൊലീസിന്റെ സംശയം. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് അറിയിച്ചു.

പൊന്നാനിയിലും സമാനമായ മോഷണക്കേസിൽ യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. തിരക്കുള്ള പൊതുഗതാഗത കേന്ദ്രങ്ങളിൽ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് ജയിലിലേക്ക് മാറ്റി. മോഷ്ടിച്ച പേഴ്‌സുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുണ്ടോയെന്നും മറ്റ് സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

A 19-year-old woman from Kuruppumpadi, Perumbavoor, has been arrested in Tirur over allegations of stealing purses and cash from women’s bags during travel. Police said multiple purses were recovered from her bag and rented room, and they are probing possible links to similar thefts in Ponnani and other locations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391731/tirur-theft-19-year-old-woman-arrested)