---
title: "'പിടിഎ ഫണ്ട് അടച്ചില്ലെന്ന് പറഞ്ഞ് ക്ലാസിൽ അപമാനിച്ചു'; അധ്യാപികക്കെതിരെ പരാതിപ്പെട്ട വിദ്യാർഥിനിക്ക് വീട്ടിലും ഭീഷണിയെന്ന് ആരോപണം"
english_title: "Congress leader accused of threatening student over teacher complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391641/congress-leader-threatens-student-complaint"
published_at: "2026-11-14T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af873625b884_congress-leader-threatens-student-complaint.jpg"
keywords: ["CongressLeader", "SchoolComplaint", "KeralaNews", "Palakkad News"]
---

# 'പിടിഎ ഫണ്ട് അടച്ചില്ലെന്ന് പറഞ്ഞ് ക്ലാസിൽ അപമാനിച്ചു'; അധ്യാപികക്കെതിരെ പരാതിപ്പെട്ട വിദ്യാർഥിനിക്ക് വീട്ടിലും ഭീഷണിയെന്ന് ആരോപണം

> **Lead Summary:** പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയില്‍ അധ്യാപികക്കെതിരെ പരാതി നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുട്ടിക്കെതിരെ കേസുണ്ടാകും എന്ന് പറഞ്ഞാണ് ഭീഷണി ഉണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

## Article Content

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയില്‍ അധ്യാപികക്കെതിരെ പരാതി നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുട്ടിക്കെതിരെ കേസുണ്ടാകും എന്ന് പറഞ്ഞാണ് ഭീഷണി ഉണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

അനങ്ങനടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക സിന്ധു സഹപാഠികള്‍ക്ക് മുന്നില്‍ അപമാനിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം ഒറ്റപ്പാലം പോലീസിനും ഡിഇഒ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും നല്‍കിയ പരാതി. പി.ടി.എ ഫണ്ട് അടക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെ പെരുമാറിയതെന്നാണ് പരാതി.

ഈ പരാതിയില്‍ പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ പ്രാഥമിക അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അനങ്ങനടിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്‌റഫ് കാരുകുളം രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പുതിയ ആരോപണം ഉയര്‍ന്നത്. പിന്നാലെ രക്ഷിതാക്കള്‍ വീണ്ടും ഒറ്റപ്പാലം പോലീസിനെ സമീപിച്ചു.

എന്നാല്‍ താന്‍ സ്ഥലത്തെ വാര്‍ഡ് മെമ്പറിനൊപ്പം വീട് സന്ദര്‍ശിക്കാന്‍ പോയതാണെന്നും കുട്ടിയെ ഒരുതരത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അഷ്‌റഫ് പറഞ്ഞു. ഇത്തരമൊരു പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.

അധ്യാപികക്കെതിരെ നല്‍കിയ ആദ്യ പരാതിയില്‍ ഒറ്റപ്പാലം പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന സംശയവും രക്ഷിതാക്കള്‍ ഉന്നയിക്കുന്നു.

A complaint alleges that a Congress local leader visited a family’s home and threatened a Class 10 student who had complained against a teacher. The parents say they were warned that the child could face a case if the complaint was not withdrawn, while the leader denies the allegation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391641/congress-leader-threatens-student-complaint)