---
title: "'കോഴഞ്ചേരി പാലം ഒന്നാം പിണറായി സർക്കാരിൻ്റെ പദ്ധതി'; വ്യാജപ്രചരണം നടത്തുന്ന ആറന്മുള എംഎൽഎ മാപ്പ് പറയണമെന്ന് വീണാ ജോർജ്"
english_title: "Veena George Says UDF Approval Claim on Kozhencherry Bridge Is False"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391528/veena-george-kozhencherry-bridge-udf-claim"
published_at: "2026-11-13T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7451f56914_veena-george-kozhencherry-bridge-udf-claim.jpg"
keywords: ["VeenaGeorge", "AbinVarkey", "KozhencherryBridge", "KeralaNews", "FacebookPost"]
---

# 'കോഴഞ്ചേരി പാലം ഒന്നാം പിണറായി സർക്കാരിൻ്റെ പദ്ധതി'; വ്യാജപ്രചരണം നടത്തുന്ന ആറന്മുള എംഎൽഎ മാപ്പ് പറയണമെന്ന് വീണാ ജോർജ്

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിലെ കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അബിൻ വർക്കി എംഎൽഎ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. പാലത്തിന് അനുമതി നൽകിയതും പണം അനുവദിച്ചതും യുഡിഎഫ് സർക്കാർ ആണെന്ന വാദം തെറ്റാണെന്നും അബിൻ വർക്കി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിലെ കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അബിൻ വർക്കി എംഎൽഎ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. പാലത്തിന് അനുമതി നൽകിയതും പണം അനുവദിച്ചതും യുഡിഎഫ് സർക്കാർ ആണെന്ന വാദം തെറ്റാണെന്നും അബിൻ വർക്കി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതിയായ പാലത്തിന്റെ നിർമാണം രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് പൂർത്തിയായതെന്ന് വീണാ ജോർജ് പറഞ്ഞു. ഉദ്ഘാടനമാണ് നടക്കാൻ പോകുന്നതെന്നും നീണ്ട കോടതി വ്യവഹാരവും പ്രതികൂല കാലാവസ്ഥയും കൊണ്ടാണ് പാലത്തിന്റെ നിർമ്മാണം എട്ടുവർഷത്തിലേക്ക് നീണ്ടതെന്നും പോസ്റ്റിൽ പറയുന്നു.

പാലത്തിന്റെ നാൾവഴികളും സർക്കാർ ഉത്തരവുകളും സഹിതം അവർ വിശദീകരിച്ചു. 2016-ൽ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം തന്നെ തന്റെ അഭ്യർത്ഥനയെ തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പുതിയ കോഴഞ്ചേരി പാലം പ്രഖ്യാപിച്ചുവെന്നാണ് അവകാശവാദം. കിഫ്ബി വഴിയാണ് പണം അനുവദിച്ചതെന്നും, ഭരണാനുമതി 2016 ഒക്ടോബർ 31-നും സാമ്പത്തിക അനുമതി 2017 ഓഗസ്റ്റ് 21-നും ലഭിച്ചതായും അവർ ചൂണ്ടിക്കാട്ടി.

2018-ൽ ഒന്നാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചതെന്നും പോസ്റ്റിൽ പറയുന്നു. 2018-ലെ പ്രളയം, തുടർന്നുള്ള മഴയും വെള്ളപ്പൊക്കവും, കോവിഡ് മഹാമാരി, ജിഎസ്ടിയുമായി ബന്ധപ്പെട്ട കേസ്, മാരാമൺ കരയിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ, വണ്ടിപ്പേട്ടയിലെ സ്റ്റേകൾ എന്നിവ കാരണം നിർമ്മാണം പലതവണ തടസ്സപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.

2023–24 കാലയളവിലാണ് പണം നൽകി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയതെന്നും 2024 ജനുവരിയിൽ ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറിയതായും വീണാ ജോർജ് പറയുന്നു.

തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. പാലത്തിന് ഏത് നിറത്തിലുള്ള പെയിന്റ് നൽകണമെന്നതുവരെ തീരുമാനിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പണികൾ പൂർത്തിയാക്കി വൈറ്റ് വാഷ് ആരംഭിച്ചിരുന്നുവെന്നും അവർ കുറിച്ചു.

പാലത്തെക്കുറിച്ച് ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്നാരോപിച്ചാണ് വീണാ ജോർജിന്റെ പ്രതികരണം. 

Veena George has accused Aranmula MLA Abin Varkey of spreading false claims about the Kozhenchery bridge inauguration in Pathanamthitta. She said the project was announced by the first Pinarayi government, funded through KIIFB, and completed during the second Pinarayi government after delays caused by court cases, floods, and the pandemic.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391528/veena-george-kozhencherry-bridge-udf-claim)