---
title: "'ഓടുന്ന ട്രെയിനിലായിരുന്നെങ്കിൽ ഞാൻ മറ്റൊരു സൗമ്യയായേനെ'; മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ  ഉണ്ടായത് അതിക്രൂര അതിക്രമം, പോലീസിന്റെ വീഴ്ച അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു"
english_title: "Malabar Express Assault: Human Rights Commission Orders Probe into Railway Police Lapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391374/malabar-express-assault-probe-railway-police-lapse"
published_at: "2026-11-12T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5f49db20e9_malabar-express-assault-probe-railway-police-lapse.jpg"
keywords: ["MalabarExpress", "RailwayPolice", "HumanRightsCommission", "SexualAssault", "KeralaNews"]
---

# 'ഓടുന്ന ട്രെയിനിലായിരുന്നെങ്കിൽ ഞാൻ മറ്റൊരു സൗമ്യയായേനെ'; മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ  ഉണ്ടായത് അതിക്രൂര അതിക്രമം, പോലീസിന്റെ വീഴ്ച അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

> **Lead Summary:** തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമവും ആക്രമണശ്രമവും ഉണ്ടായ സംഭവത്തിൽ റെയിൽവേ പോലീസിന്റെ ഭാഗത്തുനിന്ന് മതിയായ സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ പോലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

## Article Content

തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമവും ആക്രമണശ്രമവും ഉണ്ടായ സംഭവത്തിൽ റെയിൽവേ പോലീസിന്റെ ഭാഗത്തുനിന്ന് മതിയായ സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ പോലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പൊതുപ്രവർത്തകൻ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ട്രെയിനുകളിൽ യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ പോലീസ് വീഴ്ച വരുത്തുകയാണെന്നാണ് പരാതിയിലെ ആരോപണം.

അതേസമയം, മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ സ്വദേശി വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിനുള്ളിൽ ലൈംഗികമായി ഉപദ്രവിച്ച പ്രതി പിന്നീട് പ്ലാറ്റ്ഫോമിൽവച്ച്  മുഖത്തിടിച്ച് വീഴ്ത്തുകയും ട്രെയിനിനടിയിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി.

ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നതിനാൽ സുരക്ഷയ്ക്കായി ബാഗ് മുന്നിലേക്ക് ചേർത്തുപിടിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഇതിനിടെ പിന്നിൽനിന്ന് ഒരാൾ ശരീരത്തിൽ അമരുന്നതായി അനുഭവപ്പെട്ടു. ആദ്യം അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് കരുതി പ്രതികരിച്ചില്ല. എന്നാൽ മൂന്നുനാലുതവണ ഇത് ആവർത്തിച്ചതോടെ തിരിഞ്ഞുനോക്കിയപ്പോഴാണ് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതെന്ന് യുവതി വ്യക്തമാക്കി.

യുവതിയുടെ സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിയെ ചോദ്യം ചെയ്യുകയും ഷർട്ടിൽ പിടിക്കുകയും ചെയ്തു. ഇതിനിടെ ട്രെയിൻ പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്രതി പുറത്തിറങ്ങി.

തുടർന്ന് യുവതി ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതി തിരിച്ചെത്തി അശ്ലീല ചേഷ്ടകൾ കാണിച്ചതായും പരാതിയിൽ പറയുന്നു. പോലീസിനെ വിളിക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയതോടെ പ്രകോപിതനായ പ്രതി മുഖത്തിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വീഴ്ത്തുകയായിരുന്നു.

നിലത്തുവീണ തന്നെ ചവിട്ടാൻ ശ്രമിച്ച പ്രതി പിന്നീട് ട്രെയിനിനടിയിലേക്ക് വലിച്ചിടാനും ശ്രമിച്ചതായി യുവതി ആരോപിച്ചു. സംഭവം കണ്ടുനിന്ന യാത്രക്കാർ ഉടൻ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയും പോലീസിന് കൈമാറുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം തമ്പാനൂർ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകി.

ഓടിക്കൊണ്ടിരുന്ന ട്രെയിനിലായിരുന്നു ആക്രമണം നടന്നിരുന്നതെങ്കിൽ തന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് യുവതി ഭയത്തോടെ പറഞ്ഞു. താൻ മറ്റൊരു സൗമ്യയായി മാറുമായിരുന്നുവെന്നും യുവതി പ്രതികരിച്ചു.

> The Human Rights Commission has ordered an inquiry into allegations that railway police failed to provide adequate protection after a woman was sexually assaulted and attacked on the Malabar Express. The commission directed railway and district police officials to submit a report within three weeks. The woman said the attack could have been fatal if it had happened on a moving train, adding that she might have become “another Soumya.”

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391374/malabar-express-assault-probe-railway-police-lapse)