---
title: "ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തുചെയ്യും’? ‘എന്നാൽ അങ്ങനെ ചെയ്യൂ’......   പ്രണയിച്ചതിന് മകളെ കഴുത്തുഞെരിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ"
english_title: "Honor Killing in Gujarat: Father Strangles Daughter, Police File Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391334/gujarat-honor-killing-father-strangles-daughter"
published_at: "2026-11-12T17:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5b25bd468e_gujarat-honor-killing-father-strangles-daughter.jpg"
keywords: ["GujaratNews", "HonorKilling", "CrimeNews", "PoliceInvestigation", "Mehtpur"]
---

# ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തുചെയ്യും’? ‘എന്നാൽ അങ്ങനെ ചെയ്യൂ’......   പ്രണയിച്ചതിന് മകളെ കഴുത്തുഞെരിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ

> **Lead Summary:** മേത്ത്പുർ (ഗുജറാത്ത്): ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 21 വയസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. ഗുജറാത്തിലെ മേത്ത്പുർ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

## Article Content

മേത്ത്പുർ (ഗുജറാത്ത്): ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 21 വയസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. ഗുജറാത്തിലെ മേത്ത്പുർ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

കൗശൽ രാമൻലാൽ പട്ടേൽ എന്നയാളാണ് മകൾ സന്യ പട്ടേലിനെ (21) കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം ഇങ്ങനെ:

വഡോദരയിൽ താമസിക്കുന്ന കുടുംബം ദീപാവലി ആഘോഷിക്കാനാണ് മേത്ത്പുരിലെ വീട്ടിലെത്തിയത്. നവംബർ 8ന് രാത്രി സന്യയും മാതാപിതാക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് പിതാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും സന്യ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

രാത്രി ഉറക്കഗുളിക നൽകിയ ശേഷവും ഇരുവരും സംസാരിച്ചു. പുലർച്ചെ 3.30ന് അടുക്കളയിൽ വെച്ചുണ്ടായ തർക്കത്തിനിടെ ‘ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തുചെയ്യും’ എന്ന് പിതാവ് ചോദിച്ചതായും ‘എന്നാൽ അങ്ങനെ ചെയ്യൂ’ എന്ന് സന്യ മറുപടി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം:

സംഭവത്തിന് ശേഷം മകൾ ആത്മഹത്യ ചെയ്തെന്നാണ് പിതാവ് ബന്ധുക്കളോട് പറഞ്ഞത്. പുലർച്ചെ 5.30ഓടെ അമ്മാവനെ വിളിച്ചുവരുത്തി. ബന്ധുക്കൾ എത്തി സന്യയെ ഖംഭാട്ട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവിന്റെ മൊഴിയും മൃതദേഹത്തിന്റെ നിലയും തമ്മിലുള്ള വൈരുദ്ധ്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കഴുത്തിൽ കയർ പോലുള്ള വസ്തു മുറുകിയുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 103(1) പ്രകാരം ഖംഭാട്ട് ടൗൺ പൊലീസ് കൗശൽ രാമൻലാൽ പട്ടേലിനെതിരെ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391334/gujarat-honor-killing-father-strangles-daughter)