---
title: "വേദിയിൽ തിളങ്ങേണ്ട കുരുന്ന് വിദ്യാലയത്തിൽ എത്തിയത് ചേതനയറ്റ്; ജുവൽ ലക്ഷ്മിക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി സഹപാഠികളും അധ്യാപകരും"
english_title: "Jewel Lakshmi, Set to Shine on Stage, Laid to Rest Amid Tears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391187/jewel-lakshmi-school-festival-death"
published_at: "2026-11-11T16:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af44aef3e9e5_schoolgirl-found-dead-at-home-nadapuram-valayam.jpg"
keywords: ["JewelLakshmi", "KeralaNews", "SchoolFestival", "Nadapuram", "MentalHealth"]
---

# വേദിയിൽ തിളങ്ങേണ്ട കുരുന്ന് വിദ്യാലയത്തിൽ എത്തിയത് ചേതനയറ്റ്; ജുവൽ ലക്ഷ്മിക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി സഹപാഠികളും അധ്യാപകരും

> **Lead Summary:** **കോഴിക്കോട്: **കൂട്ടുകാരുമൊത്ത് കലോത്സവ വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കാൻ ഒരുങ്ങിയ എട്ടാം ക്ലാസുകാരി ജുവൽ ലക്ഷ്മി സ്വന്തം വിദ്യാലയത്തിലെത്തിയത് ചേതനയറ്റ ശരീരമായി. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് മുന്നിൽ പ്രിയ കൂട്ടുകാരിയെ അവസാനമായി കാണാനാകാതെ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി.

## Article Content

**കോഴിക്കോട്: **കൂട്ടുകാരുമൊത്ത് കലോത്സവ വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കാൻ ഒരുങ്ങിയ എട്ടാം ക്ലാസുകാരി ജുവൽ ലക്ഷ്മി സ്വന്തം വിദ്യാലയത്തിലെത്തിയത് ചേതനയറ്റ ശരീരമായി. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് മുന്നിൽ പ്രിയ കൂട്ടുകാരിയെ അവസാനമായി കാണാനാകാതെ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി.

ഇന്ന് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നാളെ കൂട്ടുകാരുമൊത്ത് നാടൻപാട്ട് അവതരിപ്പിക്കാനായിരുന്നു ജുവലിന്റെ ഒരുക്കം. ഏറെ ദിവസങ്ങളായി പരിശീലനം നടത്തിയ സംഘം വസ്ത്രങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. പെൺകുട്ടികളുടെ നാടൻപാട്ട് സംഘത്തിന്റെ ലീഡറായിരുന്നു ജുവൽ. കലോത്സവ വേദിയിൽ കൂട്ടുകാരോടൊപ്പം ചുവടുവയ്ക്കാൻ കാത്തിരുന്ന കുട്ടിയുടെ അപ്രതീക്ഷിത വിയോഗം സ്കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി.

വളയം പരദേവത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകളാണ് ജുവൽ ലക്ഷ്മി. ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ ടെറസിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ വളയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. നാട്ടുകാരുടെ അന്ത്യോപചാരത്തിനായി സൗകര്യമൊരുക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. രാത്രി ഒൻപത് മണിയോടെ സംസ്കാരം നടത്താനാണ് തീരുമാനിച്ചിരുന്നത്.

വളയം കുറ്റിക്കാട് യു.പി. സ്കൂളിലെ അധ്യാപിക രബിഷയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരൻ, എ.ഇ.ഒ. സനൂപ്, പ്രിൻസിപ്പൽ ജമീല കെ.എം., പ്രധാനാധ്യാപകൻ ടി. മഹേഷ്, പി.ടി.എ. പ്രസിഡന്റ് പി.പി. സജിലേഷ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്കൂളിലെത്തി അന്ത്യോപചാരമർപ്പിച്ചു.

*മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുന്നവർക്ക് സഹായം തേടാം:* ടെലി മനസ് ഹെൽപ്‌ലൈൻ – 14416, ഡിസ്ട്രസ് ഹെൽപ്‌ലൈൻ – 1056.

Jewel Lakshmi, an eighth-grade student who had been preparing to perform at the Nadapuram sub-district school arts festival, was found dead at home. Her body was kept for public viewing at her school, where classmates, teachers, and locals paid tearful tributes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391187/jewel-lakshmi-school-festival-death)