---
title: "'സാധാരണക്കാർക്ക് രക്ഷയില്ല; കേരള പൊലീസിന്റെ സംരക്ഷണം ആർഎസ്എസ്–ബിജെപി നേതാക്കൾക്ക്'; യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ"
english_title: "Common People Left Unprotected, Police Shielding RSS-BJP Leaders: P. Jayarajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391056/kerala-police-rss-bjp-leaders-jayarajan"
published_at: "2026-11-10T19:26:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af322ffb54a3_kerala-police-rss-bjp-leaders-jayarajan.jpg"
keywords: ["KeralaPolitics", "PJayarajan", "UDFGovernment", "AdoorPoliceStation", "RSS", "BJP"]
---

# 'സാധാരണക്കാർക്ക് രക്ഷയില്ല; കേരള പൊലീസിന്റെ സംരക്ഷണം ആർഎസ്എസ്–ബിജെപി നേതാക്കൾക്ക്'; യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ

> **Lead Summary:** പത്തനംതിട്ട: ആർഎസ്എസ്–ബിജെപി നേതാക്കൾക്ക് കേരള പൊലീസ് സംരക്ഷണം നൽകുകയാണെന്ന ഗുരുതര ആരോപണവുമായി പി. ജയരാജൻ. യുഡിഎഫ് സർക്കാരും സംഘപരിവാറും തമ്മിൽ ധാരണയുണ്ടെന്നും ഭരണത്തിന് കീഴിൽ സാധാരണക്കാർക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

## Article Content

പത്തനംതിട്ട: ആർഎസ്എസ്–ബിജെപി നേതാക്കൾക്ക് കേരള പൊലീസ് സംരക്ഷണം നൽകുകയാണെന്ന ഗുരുതര ആരോപണവുമായി പി. ജയരാജൻ. യുഡിഎഫ് സർക്കാരും സംഘപരിവാറും തമ്മിൽ ധാരണയുണ്ടെന്നും ഭരണത്തിന് കീഴിൽ സാധാരണക്കാർക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിമാർക്ക് ഭരണകാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ജയരാജൻ ആരോപിച്ചു.

അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുറ്റാരോപിതനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്നും ഇത് തടയേണ്ട പൊലീസ് നോക്കിനിന്നുവെന്നുമാണ് ജയരാജന്റെ ആരോപണം.

ജില്ലാ പഞ്ചായത്ത് അംഗം പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുള്ളയാളെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ജയരാജൻ ആരോപിച്ചു.

കോൺഗ്രസ് നേതാക്കൾക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

പൊലീസ് ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ അടൂരിലെ ക്രമസമാധാനനില തകരുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം പൊലീസിനായിരിക്കുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

സംഭവവുമായി ബന്ധപ്പെട്ട് 'കണ്ടാൽ അറിയാവുന്നവർ'ക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്നും എന്നാൽ 'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാൽ അറിയാവുന്നവരാണ്' അവരെന്നും ജയരാജൻ പരിഹസിച്ചു. പ്രതികളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമല്ല നിലനിൽക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അടൂരിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ ഒരു മുൻ എംഎൽഎ പ്രവർത്തിക്കുന്നുണ്ടെന്നും ജയരാജൻ ആരോപിച്ചു. സ്ത്രീകളുടെ പരാതിയെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതാക്കൾ പറയുന്ന വ്യക്തിയോടാണ് അടൂർ എംഎൽഎ ഓഫീസ് ഇപ്പോഴും ഉപദേശം തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ നടപടികളെ ചോദ്യം ചെയ്ത ജയരാജൻ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

P. Jayarajan has alleged that Kerala Police is shielding RSS-BJP leaders and that ordinary people are not getting protection under the UDF government. He also accused police of failing to act against alleged illegal activities and political interference linked to the Adoor police station controversy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391056/kerala-police-rss-bjp-leaders-jayarajan)