---
title: "ഇടവിട്ടുള്ള മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി ഭീഷണി; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം, വീടും പരിസരവും കൊതുകുവിമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്"
english_title: "Dengue Threat Rises After Intermittent Rain; Kozhikode on High Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390685/dengue-threat-kozhikode-high-alert"
published_at: "2026-11-07T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef3729ad5d1_dengue-threat-kozhikode-high-alert.jpg"
keywords: ["DengueAlert", "KozhikodeNews", "MosquitoControl", "HealthDepartment", "RainAlert"]
---

# ഇടവിട്ടുള്ള മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനി ഭീഷണി; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം, വീടും പരിസരവും കൊതുകുവിമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്

> **Lead Summary:** കോഴിക്കോട് : ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് ശേഷം വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

## Article Content

കോഴിക്കോട് : ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് ശേഷം വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് പെരുകുന്നത്.

വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങൾ വൃത്തിയായി കഴുകുകയും വേണം.

ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ പ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പ്രത്യേക ശുചീകരണ-ഉറവിടനശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.

പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടുകയോ പനി കുറയാൻ കാത്തിരിക്കുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടണം.

**പ്രതിരോധം ഓരോരുത്തരുടെയും ഉത്തരവാദിത്തം**

കൊതുകുകടി ഏൽക്കാതിരിക്കാൻ പകൽസമയത്തും പ്രത്യേക ശ്രദ്ധ പുലർത്തണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാർഗങ്ങളും ഉപയോഗിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കണം.

കൊതുക് നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതിൽ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Kozhikode’s Health Department has warned residents to stay alert against dengue and other mosquito-borne diseases amid intermittent rain. Officials urged households, offices and schools to eliminate stagnant water, follow weekly dry-day cleaning and seek prompt medical care if symptoms appear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390685/dengue-threat-kozhikode-high-alert)