---
title: "'എന്തിനാണ് കിന്നാരം ചോദിക്കുന്നത്?'; മേപ്പയ്യൂരിൽ കോളേജ് വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം, പെൺകുട്ടിയുടെ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്തു"
english_title: "Moral Policing Attack on College Students in Meppayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390522/meppayur-college-students-moral-policing-attack"
published_at: "2026-11-06T18:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedd5c08aea0_meppayur-college-students-moral-policing-attack.jpg"
keywords: ["MoralPolicing", "KozhikodeNews", "CollegeStudents", "PoliceCase", "KeralaCrime"]
---

# 'എന്തിനാണ് കിന്നാരം ചോദിക്കുന്നത്?'; മേപ്പയ്യൂരിൽ കോളേജ് വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം, പെൺകുട്ടിയുടെ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്തു

> **Lead Summary:** കോഴിക്കോട്: കോളേജ് വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികളെ ഒരു സംഘം യുവാക്കൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്നാണ് പ്രശ്‌നമുണ്ടാക്കിയത്.

## Article Content

കോഴിക്കോട്: കോളേജ് വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികളെ ഒരു സംഘം യുവാക്കൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്നാണ് പ്രശ്‌നമുണ്ടാക്കിയത്.

വിദ്യാർഥിനികളെ തടഞ്ഞുനിർത്തിയ യുവാക്കൾ അവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. പെൺകുട്ടികൾ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ യുവാക്കൾ റോഡിന്റെ വശത്തുനിന്ന് കമന്റ് അടിക്കുകയായിരുന്നു.

പിന്നീട് ഇവർ ഇരുചക്ര വാഹനത്തിൽ വിദ്യാർഥിനികളുടെ പിന്നാലെ എത്തി. എവിടെയാണ് പഠിക്കുന്നത് എന്ന് യുവാക്കൾ പെൺകുട്ടികളോട് ചോദിച്ചു. പെൺകുട്ടി മറുപടി പറയാതെ മുന്നോട്ട് നടന്നു. യുവാക്കൾ വീണ്ടും അടുത്തെത്തി മറുപടി ആവശ്യപ്പെട്ടു തട്ടിക്കയറി. 'എന്തിനാണ് കിന്നാരം ചോദിക്കുന്നത്' എന്ന് പെൺകുട്ടി തിരിച്ചു ചോദിച്ചു.

കൂടെയുണ്ടായിരുന്ന വിദ്യാർഥിനി എന്താണ് നിങ്ങളുടെ പ്രശ്‌നം ചോദിച്ചതോടെ യുവാക്കൾ വാഹനം റോഡിൽ കുറുകെ നിർത്തി താഴെയിറങ്ങി. തന്റെ സൗകര്യത്തിന് നിൽക്കുമോ എന്ന് ചോദിച്ച് യുവാക്കളിലൊരാൾ പെൺകുട്ടിയുടെ അടുത്തേക്ക് വന്നു. ഈ സമയം പെൺകുട്ടി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് ബലമായി ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു.

പോലീസിൽ പരാതി നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പറയുന്നു. കൂടാതെ യുവാക്കൾ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങളോടെ പ്രചരിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പെൺകുട്ടി പയ്യോളി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

കോളേജിന് താഴെയുള്ള പരിസരത്ത് സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന യുവാക്കളാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. കോളേജിൽ പഠിക്കുന്ന ആൺകുട്ടികളേയും ഇവർ ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളെ സമാധാനമായി വഴിയരികിൽ ഇരിക്കാനോ ചായ കുടിക്കാനോ ഇവർ സമ്മതിക്കാറില്ല.

ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടാൽ ഇവർ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണ്. പയ്യോളി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ കോളേജിലെ മറ്റു വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണം ഉണ്ടായെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പയ്യോളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  

College students returning home were allegedly chased, stopped and verbally abused by a group of youths in Meppayur, Kozhikode. The students recorded the incident on their phones, later filed a complaint with Payyoli police, and a case has been registered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390522/meppayur-college-students-moral-policing-attack)