---
title: "പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍"
english_title: "Vigilance Probe on Gyanesh Kumar Bribery Allegation to Resume"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390121/vigilance-probe-gyanesh-kumar-bribery-allegation"
published_at: "2026-11-04T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea8b6762303_vigilance-probe-gyanesh-kumar-bribery-allegation.jpg"
keywords: ["GyaneshKumar", "VigilanceProbe", "KeralaNews", "IndiaNews", "LeeSeeBen", "Home Department"]
---

# പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍

> **Lead Summary:** തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പുനരാരംഭിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.

## Article Content

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പുനരാരംഭിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.

2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണമാണ് ഇപ്പോൾ വീണ്ടും തുടങ്ങുന്നത്. ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് പുതിയ നീക്കം. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെൻ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.

എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന് വാർത്തകൾ വന്നിരുന്നതായും സാജന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആദ്യ അന്വേഷണത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ജീവിച്ചിരിപ്പില്ലാത്തയാൾ പറഞ്ഞതായുള്ള വിവരം കേട്ടുകേൾവി മാത്രമാകില്ലേയെന്ന സംശയം വിജിലൻസ് ഡയറക്ടർ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മരിച്ചയാൾ ജീവിച്ചിരിക്കേ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ തെളിവായി സ്വീകരിക്കാമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

The Home Department has ordered the resumption of a vigilance probe into allegations that Chief Election Commissioner Gyanesh Kumar sought a Rs 2 crore bribe while serving as Kerala Public Works Secretary. The complaint is linked to the death of engineer Lee See Ben, who was associated with the KSTP road contract.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390121/vigilance-probe-gyanesh-kumar-bribery-allegation)