---
title: "'സിറപ്പ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത'; ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം"
english_title: "Teen Dies After Syrup Triggered Severe Discomfort; Family Alleges Medical Negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390087/teen-dies-after-syrup-discomfort"
published_at: "2026-11-03T20:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f0ef726db_teen-dies-after-syrup-discomfort.jpg"
keywords: ["MedicalNegligence", "KeralaNews", "HospitalDeath", "TeenHealth", "Karunagappally"]
---

# 'സിറപ്പ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത'; ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

> **Lead Summary:** കരുനാഗപ്പള്ളി (കൊല്ലം): സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

## Article Content

കരുനാഗപ്പള്ളി (കൊല്ലം): സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ആലുംകടവ് മരുന്നൂർകുളങ്ങര തെക്ക് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏക മകൾ ആർഷ (17) ആണ് മരിച്ചത്. ഛർദ്ദിയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ആർഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നൽകിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. നൽകിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണു മരണത്തിന് ഇടയാക്കിയതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കുട്ടിയുടെ രക്തസമ്മർദ്ദവും പൾസും ക്രമാതീതമായി താഴേക്കു പോയതാണു നില ഗുരുതരമാക്കിയതെന്നും രക്ഷിക്കാൻ സാധ്യമായ എല്ലാ അടിയന്തര മുൻകരുതലുകളും ചികിത്സയും നൽകിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും, പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്‌മോർട്ടം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

A 17-year-old girl died at a private hospital in Karunagappally after being admitted for vomiting, with her family alleging medical negligence. They claim she developed severe discomfort and blurred vision soon after being given a syrup, while the hospital says there was no treatment lapse and that all emergency care was provided.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390087/teen-dies-after-syrup-discomfort)