---
title: "കരിപ്പൂരിൽ സ്വർണവുമായി വിമാനമിറങ്ങിയ യുവതിയെ കാത്തുനിന്നത് കവർച്ചസംഘം; ട്രോളി ബാഗിൽ പിടിമുറുക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, പൊലീസിന്റെ ഇടപെടലിൽ വൻ പദ്ധതി പൊളിഞ്ഞു"
english_title: "Four Held After Abduction Attempt at Karipur Airport"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389964/karipur-airport-abduction-attempt-four-held"
published_at: "2026-11-02T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8c74b4aab5_karipur-airport-abduction-attempt-four-held.jpg"
keywords: ["KaripurAirport", "GoldSmuggling", "KidnappingAttempt", "KeralaCrime", "KozhikodeAirport", "AirportCrime", "CustomsSeizure"]
---

# കരിപ്പൂരിൽ സ്വർണവുമായി വിമാനമിറങ്ങിയ യുവതിയെ കാത്തുനിന്നത് കവർച്ചസംഘം; ട്രോളി ബാഗിൽ പിടിമുറുക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, പൊലീസിന്റെ ഇടപെടലിൽ വൻ പദ്ധതി പൊളിഞ്ഞു

> **Lead Summary:** മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കരിപ്പൂരിൽ നാലുപേർ പിടിയിലായി. പൊലീസ് ഇടപെട്ടാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ നീക്കം തടഞ്ഞത്.

## Article Content

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കരിപ്പൂരിൽ നാലുപേർ പിടിയിലായി. പൊലീസ് ഇടപെട്ടാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ നീക്കം തടഞ്ഞത്.

വിദേശത്തുനിന്ന് സ്വർണവുമായെത്തിയ ഇടുക്കി വണ്ടന്‍മേട് സ്വദേശി അഭിരാമി (27), സ്വർണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ വിമാനത്താവളത്തിലെ ആഗമന ഭാഗത്ത് സംശയാസ്പദമായി കണ്ട സംഘത്തെ പൊലീസ് നിരീക്ഷിച്ചിരുന്നു. ആഗമന ഗേറ്റ് വഴി പുറത്തേക്ക് വന്ന യാത്രക്കാരിയെ സംഘം ലക്ഷ്യമിടുന്നത് കണ്ടതോടെ പൊലീസ് പിന്തുടർന്നു. തുടർന്ന് പാർക്കിങ് ഏരിയയിൽ വെച്ച് കവർച്ച സംഘം യുവതിയെ തടയുകയും ട്രോളി ബാഗിൽ പിടിമുറുക്കുകയും ചെയ്തു.

ഇത് തടയാൻ ശ്രമിച്ച ഹർഷലുമായി സംഘം ബലപ്രയോഗം നടത്തുന്നതും പൊലീസ് കണ്ടു. പിന്നാലെ പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ ഹോംഗാർഡ് മുരളീകൃഷ്ണയുടെ കൈ കടിച്ച് മുറിച്ചു. ഇന്നോവയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ തടയാൻ ശ്രമിച്ച സ്പെഷൽ സ്ക്വാഡിലെ പൊലീസുകാരനെ കാറിടിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. സംഘത്തിലെ ഒരാൾ റോഡരികിലേക്ക് ചാടി രക്ഷപ്പെട്ടു.

പിടിയിലായ അഭിരാമിയെ എയ്ഡ് പോസ്റ്റിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിന്റെ വിവരം പുറത്തായത്. അവരുടെ ബാഗേജിൽ നിന്ന് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണ പ്ലേറ്റുകൾ കണ്ടെത്തി. 817 ഗ്രാം വരുന്ന സ്വർണത്തിന് 1.10 കോടിയിലധികം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.

സ്വർണം കടത്തിയതിന് അഭിരാമിക്ക് പ്രതിഫലമായി നൽകാൻ സൂക്ഷിച്ച 67000 രൂപ ഹർഷലിന്റെ പക്കൽനിന്നും കണ്ടെത്തി. യുവതി കടത്തിക്കൊണ്ടുവന്ന സ്വർണവും ഹർഷൽ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും തുടർനടപടിക്കായി കസ്റ്റംസിന് കൈമാറും.

അഭിരാമിയുടെ കൈവശം സ്വർണം നൽകിയതത് താമരശ്ശേരി സ്വദേശി സ്വാലിഹ് ആണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. സ്വർണം തട്ടിയെടുക്കാൻ ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ പത്തോളം പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും വ്യക്തമായി.

Four people were arrested at Karipur after police foiled an attempt to abduct a woman who had arrived at Kozhikode international airport with smuggled gold. Investigators recovered 14 gold plates hidden in an emergency lamp, along with cash and vehicles used by the suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389964/karipur-airport-abduction-attempt-four-held)