---
title: "രാത്രിയിൽ നഗ്നനായി വീടുകൾക്ക് മുന്നിലെത്തും, തിരഞ്ഞിട്ടും കണ്ടെത്താനായില്ല; അടൂരിൽ അജ്ഞാതനെച്ചൊല്ലി ഭീതിയിൽ നാട്ടുകാർ"
english_title: "Mystery Naked Man Spotted at Night in Adoor, Residents Alarmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389448/adoor-naked-man-night-sightings"
published_at: "2026-10-30T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44e76c25bd_adoor-naked-man-night-sightings.jpg"
keywords: ["AdoorPolice", "CCTVFootage", "KeralaNews", "PublicSafety", "NightPatrol", "Naked Man Spotted"]
---

# രാത്രിയിൽ നഗ്നനായി വീടുകൾക്ക് മുന്നിലെത്തും, തിരഞ്ഞിട്ടും കണ്ടെത്താനായില്ല; അടൂരിൽ അജ്ഞാതനെച്ചൊല്ലി ഭീതിയിൽ നാട്ടുകാർ

> **Lead Summary:** പത്തനംതിട്ട: അടൂരിൽ രാത്രികാലങ്ങളിൽ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെടുന്ന അജ്ഞാതൻ പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുന്നു. അടൂർ ഏഴങ്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വാഴവിളപ്പടി, പട്ടാഴിമുക്ക് പ്രദേശങ്ങളിലാണ് സംഭവം.

## Article Content

പത്തനംതിട്ട: അടൂരിൽ രാത്രികാലങ്ങളിൽ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിൽ നഗ്നനായി പ്രത്യക്ഷപ്പെടുന്ന അജ്ഞാതൻ പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുന്നു. അടൂർ ഏഴങ്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വാഴവിളപ്പടി, പട്ടാഴിമുക്ക് പ്രദേശങ്ങളിലാണ് സംഭവം.

രാത്രിയിൽ നഗ്നനായി എത്തുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാർ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീടുകൾക്ക് മുന്നിലൂടെയാണ് അജ്ഞാതൻ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെത്തുന്ന ഇയാൾ പിന്നീട് വീടുകൾ കൂടുതലുള്ള ഭാഗങ്ങളിലേക്ക് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ വീടുകളിലോ വ്യാപാരസ്ഥാപനങ്ങളിലോ മോഷണശ്രമം നടന്നതായി റിപ്പോർട്ടുകളില്ല. മറ്റ് അതിക്രമങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

രാത്രികാലങ്ങളിൽ അജ്ഞാതൻ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത് പ്രദേശവാസികളുടെ സമാധാനജീവിതത്തെ ബാധിക്കുന്നതായും വലിയ ആശങ്ക സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇയാൾ ആരാണെന്നോ എന്ത് ഉദ്ദേശ്യത്തോടെയാണ് പ്രദേശത്ത് എത്തുന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ അടൂർ പൊലീസിന് പരാതി നൽകിയ നാട്ടുകാർ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് നിരീക്ഷണം വർധിപ്പിച്ചാൽ അജ്ഞാതനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾക്ക് പരിഹാരം കാണണമെന്നും രാത്രികാലങ്ങളിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Residents in Adoor’s Ezhankulam panchayat are alarmed after an unidentified man was repeatedly seen naked near homes and shops at night. CCTV footage has captured the sightings, and locals have filed a complaint with the Adoor police seeking stepped-up night patrols.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389448/adoor-naked-man-night-sightings)