---
title: "'കോൺഗ്രസുകാരൻ അല്ല, ജിജോ ജെയിംസ് പാർട്ടി വിട്ട് ഡിവൈഎഫ്ഐ അംഗത്വം നൽകി സിപിഎം കൂടെക്കൂട്ടി'; കായികമേളയിലെ പുഴു വിവാദത്തിൽ പോസ്റ്റുമായി ജിൻ്റോ ജോൺ"
english_title: "Jinto John Says Jijo James Is Not a Congress Worker Amid Sports Meet Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389259/jijo-james-congress-row-sports-meet"
published_at: "2026-10-29T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2eb81a13e2_jijo-james-congress-row-sports-meet.jpg"
keywords: ["JintoJohn", "JijoJames", "Congress", "DYFI", "KeralaNews"]
---

# 'കോൺഗ്രസുകാരൻ അല്ല, ജിജോ ജെയിംസ് പാർട്ടി വിട്ട് ഡിവൈഎഫ്ഐ അംഗത്വം നൽകി സിപിഎം കൂടെക്കൂട്ടി'; കായികമേളയിലെ പുഴു വിവാദത്തിൽ പോസ്റ്റുമായി ജിൻ്റോ ജോൺ

> **Lead Summary:** **കൊച്ചി: ** സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021ൽ തന്നെ പാർട്ടി വിട്ടുപോയ ആളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

## Article Content

**കൊച്ചി: ** സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021ൽ തന്നെ പാർട്ടി വിട്ടുപോയ ആളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടുവെന്ന് ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തുകയും മേള അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസ് അറസ്റ്റിലാവുകയും സസ്‌പെൻഷനിലാവുകയും ചെയ്തത്. തുടർന്ന് ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും ഇടത് അധ്യാപക സംഘടനകളും നിയമസഭയിലടക്കം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുബന്ധ സംഘടനകളുടെയോ യാതൊരു പരിപാടികളിലും പങ്കെടുക്കാത്ത ഒരാളെ കോൺഗ്രസുകാരനായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളും ഇടത് കേന്ദ്രങ്ങളും മനഃപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ടി.കെ. ഹംസ, പി. സരിൻ, കെ.പി. അനിൽകുമാർ, ലതിക സുഭാഷ്, പി.എസ്. പ്രശാന്ത് തുടങ്ങിയവർ നിലവിൽ നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ മാത്രമാണ് ജിജോ ജയിംസിന്റെയും നിലവിലെ പശ്ചാത്തലം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രശാന്ത് മുൻപ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ ചിത്രം വെച്ച് കോൺഗ്രസിന് മേൽ കുറ്റം ചുമത്താത്തതുപോലെ, ഈ വിഷയത്തിലും പഴയ രാഷ്ട്രീയ ബന്ധം ഉയർത്തിക്കാട്ടി അപകീർത്തിപ്പെടുത്താനുള്ള നീക്കം അടിസ്ഥാനരഹിതമാണെന്നും ജിന്റോ ജോൺ പറഞ്ഞു.

**പോസ്റ്റിന്റെ പൂർണരൂപം :**

***കോഴിക്കോട് നടക്കുന്ന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിട്ട കായികാധ്യാപകൻ എന്ന അധമൻ കോൺഗ്രസുകാരൻ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ് ജയിച്ചത്. ആ റിബൽ സ്ഥാനാർത്ഥിയേയും കൂടെ പ്രവർത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ൽ കോൺഗ്രസ് പാർട്ടി വിട്ടു. സിപിഎമ്മിന്റെ അന്നത്തെ ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ അയാളെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പ് കൊടുത്ത് സിപിഎമ്മിന്റെ കൂടെക്കൂട്ടി. കോൺഗ്രസിൽ ആയിരുന്നപ്പോൾ ഇയാൾ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ കോൺഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല.***

***നിലവിൽ കോൺഗ്രസിന്റെയോ കോൺഗ്രസ് അനുഭാവ അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ഒരു പരിപാടിയിൽ പോലും പങ്കെടുക്കാത്ത, നിലവിൽ പാർട്ടിയുടെയോ അധ്യാപക സംഘടനയുടെയോ അംഗത്വമില്ലാത്ത ഇയാളെ കോൺഗ്രസ്സാക്കാൻ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.***

***ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവർ, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കൾ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തൻകൂറ്റ് സഖാവിനെ കോൺഗ്രസ്സാക്കുന്ന തിരക്കിലാണ് ഇപ്പോൾ. ഈ വൃത്തികെട്ടവൻ കോൺഗ്രസ് ആയിരുന്നാലും ഇക്കാര്യത്തിൽ അവനെതിരെ ആയിരിക്കും നിലപാട്. ടി കെ ഹംസയും, പി സരിനും, കെ പി അനിൽകുമാറും, ലതിക സുഭാഷും, പി എസ് പ്രശാന്തുമെല്ലാം ഒരുകാലത്ത് കോൺഗ്രസ്സായിരുന്നു എന്നുകരുതി ഇപ്പോൾ നിൽക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താൽ അതിന്റെ പാപഭാരം മുൻപ് പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കല്ലെന്ന് ഓർക്കണം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ പോയ പ്രശാന്തിന്റെ മുൻപ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച പോസ്റ്റർ വച്ച് 'അയ്യേ കോൺഗ്രസ്സുകാരൻ പ്രശാന്ത് സ്വർണ്ണക്കൊള്ള നടത്തിയേ' എന്ന് പറയില്ലല്ലോ!***

*** ***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389259/jijo-james-congress-row-sports-meet)