---
title: "തൊഴിലുറപ്പ് പദ്ധതിയിൽ വൻ തിരിച്ചടി...! 125 ദിവസം തൊഴിൽ വാഗ്ദാനം, ലഭിച്ചതോ നാമമാത്രം; കേരളത്തിൽ 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു, തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ"
english_title: "Major Blow to Rural Employment Scheme: Kerala Loses 1.44 Crore Workdays"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388763/kerala-rural-employment-workdays-drop"
published_at: "2026-10-26T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adedc764770a_kerala-rural-employment-workdays-drop.jpg"
keywords: ["KeralaNews", "RuralEmployment", "MGNREGA", "WorkdaysLoss", "LabourWelfare"]
---

# തൊഴിലുറപ്പ് പദ്ധതിയിൽ വൻ തിരിച്ചടി...! 125 ദിവസം തൊഴിൽ വാഗ്ദാനം, ലഭിച്ചതോ നാമമാത്രം; കേരളത്തിൽ 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു, തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

> **Lead Summary:** തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വിബി ജി റാം ജി പദ്ധതിയിലേക്കുള്ള പരിവർത്തനഘട്ടത്തിൽ കേരളത്തിൽ തൊഴിൽദിനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ ആറുമാസത്തിനിടെ 1,44,62,297 തൊഴിൽദിനങ്ങളാണ് കുറഞ്ഞത്. ഇതുമൂലം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഏകദേശം 580 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

## Article Content

തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വിബി ജി റാം ജി പദ്ധതിയിലേക്കുള്ള പരിവർത്തനഘട്ടത്തിൽ കേരളത്തിൽ തൊഴിൽദിനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ ആറുമാസത്തിനിടെ 1,44,62,297 തൊഴിൽദിനങ്ങളാണ് കുറഞ്ഞത്. ഇതുമൂലം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഏകദേശം 580 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2025-26 സാമ്പത്തികവർഷത്തിലെ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് 4,00,83,883 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തികവർഷം സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ 2,56,21,586 തൊഴിൽദിനങ്ങൾ മാത്രമാണ് സൃഷ്ടിക്കാനായത്. തൊഴിൽദിനങ്ങളിലുണ്ടായ കുറവ് ഗ്രാമീണമേഖലയിലെ സാധാരണ തൊഴിലാളികളുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജൂലൈ ഒന്നുമുതലാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുപകരം പുതിയ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് 40.71 ലക്ഷം കുടുംബങ്ങളിലായി 58.48 ലക്ഷം തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 17.77 ലക്ഷം കുടുംബങ്ങളിലെ 20.61 ലക്ഷം പേർ സജീവ തൊഴിലാളികളാണ്.

എന്നാൽ ഇതുവരെ 8.06 ലക്ഷം കുടുംബങ്ങളിലെ 8.63 ലക്ഷം തൊഴിലാളികൾക്കു മാത്രമാണ് തൊഴിൽ നൽകാനായത്. പുതിയ വിബി ജി റാം ജി നിയമപ്രകാരം ഒരു സാമ്പത്തികവർഷം ഒരു കുടുംബത്തിന് 125 ദിവസം തൊഴിൽ ലഭിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ സാമ്പത്തികവർഷം പകുതിയായിട്ടും തൊഴിൽ ലഭിച്ച കുടുംബങ്ങൾക്ക് ഈ പരിധിയുടെ അഞ്ചിലൊന്നുപോലും തൊഴിൽദിനങ്ങൾ നൽകാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ പദ്ധതി നടത്തിപ്പിന് തടസ്സമാകുന്നതായി തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

അതേസമയം, പഴയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചതും വിബി ജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തിയ 375 ഇനം പ്രവൃത്തികളിൽ അനുവദനീയവുമായവ ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിർദേശങ്ങൾക്കനുസരിച്ച് പഞ്ചായത്തുകളിൽ ആവശ്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും തൊഴിൽദിനങ്ങൾ കുറയാൻ കാരണമായതായി സൂചനയുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലങ്ങളിൽ പദ്ധതി നിർവഹണവും മേൽനോട്ടവും മുൻകാലങ്ങളിലേതുപോലെ ഫലപ്രദമായി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Kerala has recorded a sharp fall of 1.44 crore workdays over the past six months during the transition from the Mahatma Gandhi National Rural Employment Guarantee scheme to the new VBG Ram G scheme. The drop is estimated to have caused a loss of around ₹580 crore in income for rural workers, with unions blaming stricter central rules and weak implementation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388763/kerala-rural-employment-workdays-drop)