---
title: "ഇതൊന്ന് ഓർത്തുവെക്കൂ..; വാട്സ്ആപ്പിൽ 'ഓക്കേ' പറഞ്ഞാൽ അവധിയാകില്ല; ഉദ്യോഗസ്ഥന്റെ ഹർജി തള്ളി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ"
english_title: "WhatsApp ‘OK’ Is Not Leave Approval: CAT Rejects Officer’s Plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388639/whatsapp-ok-not-leave-approval-cat"
published_at: "2026-10-25T10:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add9022eeb18_whatsapp-ok-not-leave-approval-cat.jpg"
keywords: ["WhatsApp", "LeaveApproval", "CentralAdministrativeTribunal", "RailwayOfficer", "HRMS"]
---

# ഇതൊന്ന് ഓർത്തുവെക്കൂ..; വാട്സ്ആപ്പിൽ 'ഓക്കേ' പറഞ്ഞാൽ അവധിയാകില്ല; ഉദ്യോഗസ്ഥന്റെ ഹർജി തള്ളി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ

> **Lead Summary:** **പ്രയാഗ്‌രാജ്: ** മേലുദ്യോഗസ്ഥൻ വാട്ട്സാപ്പിലൂടെ അനുമതി നൽകിയാലും അത് ഔദ്യോഗിക അവധിയായി കണക്കാക്കാനാകില്ലെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ അലഹബാദ് ബെഞ്ച്. റെയിൽവേ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ട്രൈബ്യുണലിന്റെ സുപ്രധാന വിധി.

## Article Content

**പ്രയാഗ്‌രാജ്: ** മേലുദ്യോഗസ്ഥൻ വാട്ട്സാപ്പിലൂടെ അനുമതി നൽകിയാലും അത് ഔദ്യോഗിക അവധിയായി കണക്കാക്കാനാകില്ലെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ അലഹബാദ് ബെഞ്ച്. റെയിൽവേ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ട്രൈബ്യുണലിന്റെ സുപ്രധാന വിധി.

2025 ജൂലൈ 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ അവധിയെടുത്ത് നാട്ടിൽ പോയ നോർത്ത് സെൻട്രൽ റെയിൽവേയിലെ ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ, വാട്ട്സാപ്പിലൂടെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരോട് രണ്ടു ദിവസത്തെ അവധി കൂടി നീട്ടി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മേലുദ്യോഗസ്ഥൻ 'ഓക്കേ' എന്ന് മറുപടിയും നൽകി. എന്നാൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉദ്യോഗസ്ഥനെതിരെ റെയിൽവേ അച്ചടക്ക നടപടി സ്വീകരിക്കുകയും ഫത്തേപ്പൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതിനെതിരെയാണ് ഹർജിക്കാരൻ ട്രൈബ്യുണലിനെ സമീപിച്ചത്.

എന്നാൽ, വാട്സാപ്പിൽ 'ഒകെ' എന്ന് സന്ദേശമയച്ച ഉദ്യോഗസ്ഥൻ ആ സമയത്ത് പരിശീലനത്തിലായിരുന്നുവെന്നും പകരം മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു ചുമതലയെന്നുമാണ് റെയിൽവേ വാദിച്ചത്. കൂടാതെ റെയിൽവേ ബോർഡിന്റെയും നോർത്ത് സെൻട്രൽ റെയിൽവേയുടെയും നിർദ്ദേശപ്രകാരം എച്ച്ആർഎംഎസ് (HRMS) പോർട്ടൽ വഴി മാത്രമാണ് അവധിക്ക് അപേക്ഷിക്കേണ്ടതെന്നും റെയിൽവേ വ്യക്തമാക്കി.

വാട്ട്സാപ്പിൽ മറുപടി നൽകിയ സമയം ചുമതലയിലില്ലാതിരുന്ന ഉദ്യോഗസ്ഥൻ അയച്ച സന്ദേശം ഔദ്യോഗിക അനുമതിയായി കരുതാനാകില്ലെന്ന് ട്രൈബ്യുണൽ വ്യക്തമാക്കി. നിർദ്ദിഷ്ട പോർട്ടൽ വഴിയല്ലാതെ നൽകുന്ന അപേക്ഷകൾക്കും സന്ദേശങ്ങൾക്കും നിയമപരമായ പ്രാബല്യമില്ലെന്നും അലഹബാദ് ബെഞ്ച് ചൂണ്ടിക്കാട്ടി.

> The Central Administrative Tribunal’s Allahabad bench ruled that a WhatsApp “OK” from a senior officer does not amount to official leave approval. It dismissed a railway officer’s plea after he was disciplined and transferred for extending leave without using the prescribed HRMS portal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388639/whatsapp-ok-not-leave-approval-cat)