---
title: "ഇടിമിന്നലും കൂറ്റൻ കൊടുങ്കാറ്റും ഒന്നിച്ച്....! കേരളത്തെ വിറപ്പിച്ച് അതിതീവ്ര മഴ, അപകടസാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശം"
english_title: "Heavy Rain, Thunder and Strong Winds Lash Kerala; Evacuation Ordered in Risk Zones"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388628/kerala-heavy-rain-thunder-alert"
published_at: "2026-10-25T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add773d6f3a3_kerala-heavy-rain-thunder-alert.jpg"
keywords: ["KeralaRain", "IMDAlert", "FloodRisk", "WeatherWarning", "HeavyRain"]
---

# ഇടിമിന്നലും കൂറ്റൻ കൊടുങ്കാറ്റും ഒന്നിച്ച്....! കേരളത്തെ വിറപ്പിച്ച് അതിതീവ്ര മഴ, അപകടസാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യമുയർത്തി കനത്ത മഴ തുടരുന്നു. മഴ അതിതീവ്രമായതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തെക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേർന്നു രൂപപ്പെട്ട ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യമുയർത്തി കനത്ത മഴ തുടരുന്നു. മഴ അതിതീവ്രമായതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തെക്കൻ അറബിക്കടലിൽ കേരള തീരത്തോടു ചേർന്നു രൂപപ്പെട്ട ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതായും ഇത് അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ വിശാഖപട്ടണത്തിനും ബാപട്‌ലയ്ക്കും ഇടയിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ ഇത് കരതൊട്ടേക്കും.

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. ഇന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ടായിരിക്കും. റെഡ് അലർട്ട് നിലനിൽക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചു.

അപകടസാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശം നൽകി. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തലസ്ഥാന നഗരിയിലടക്കം പെയ്യുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

Kerala is witnessing intense rainfall and flood-like conditions as multiple low-pressure systems fuel the weather. The IMD has issued red and orange alerts in several districts, while authorities have ordered people to be moved from vulnerable areas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388628/kerala-heavy-rain-thunder-alert)