---
title: "സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി, ശനിയാഴ്ച അപ്പീല്‍ പരിഗണിച്ചേക്കും"
english_title: "CMRL-Exalogic Case: Pinarayi Produces Supreme Court Order; Appeal Likely on Saturday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388181/cmrl-exalogic-case-pinarayi-supreme-court-order-high-court-appeal"
published_at: "2026-10-22T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9b93036858_cmrl-exalogic-case-pinarayi-supreme-court-order-high-court-appeal.jpg"
keywords: ["CMRLCase", "ExalogicCase", "PinarayiVijayan", "SupremeCourt", "KeralaHighCourt"]
---

# സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി, ശനിയാഴ്ച അപ്പീല്‍ പരിഗണിച്ചേക്കും

> **Lead Summary:** കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ വിജിലന്‍സ് എഫ്ഐആറില്‍ സുപ്രിംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചേക്കും.

## Article Content

കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ വിജിലന്‍സ് എഫ്ഐആറില്‍ സുപ്രിംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ശനിയാഴ്ച പരിഗണിച്ചേക്കും.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ അനുമതിക്ക് സമീപിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് അന്വേഷണം പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇന്നലെ തന്നെ ഉത്തരവ് ലഭ്യമായതിന് പിന്നാലെയാണ് പ്രതി ചേര്‍ക്കപ്പെട്ട പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ ടി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഉത്തരവ് ഹാജരാക്കിയത്.

ഉത്തരവ് ഹാജരാക്കിയതോടെ അപ്പീല്‍ നമ്പറിട്ട് പരിഗണിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ശനിയാഴ്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും എന്നാണ് കരുതുന്നത്.

സുപ്രീം കോടതി അഭിഭാഷകരുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. ഈ ശനിയാഴ്ച ഹൈക്കോടതി പ്രവർത്തി ദിവസമായതിനാലാണ് ശനിയാഴ്ച തന്നെ അപ്പീല്‍ പരിഗണിക്കാനുള്ള ശ്രമം അഭിഭാഷകര്‍ നടത്തുന്നത്.

ഹൈക്കോടതി രജിസ്ട്രി ആ തീരുമാനം അംഗീകരിച്ച് ശനിയാഴ്ച തന്നെ അപ്പീല്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. നേരത്തെ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് എന്‍ നടരാജന്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആയിരുന്നു.

എന്നാല്‍ ജസ്റ്റിസ് നടരാജന്‍ ഈ ദിവസങ്ങളില്‍ അവധിയായതിനാല്‍ പ്രസ്തുത ബെഞ്ചിലേക്ക് അപ്പീല്‍ വരാന്‍ സാധ്യത കുറവാണ്. നവംബര്‍ ആദ്യവാരം ജസ്റ്റിസ് നടരാജന്‍ വിരമിക്കുകയും ചെയ്യുന്നതുകൊണ്ട് പുതിയൊരു ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കാനാണ് സാധ്യത. നാളെ വൈകീട്ടോടെയാണ് അപ്പീല്‍ പരിഗണനാപ്പട്ടിക ഹൈക്കോടതി പ്രസിദ്ധീകരിക്കുക.

Pinarayi Vijayan has produced the Supreme Court order before the Kerala High Court in the CMRL-Exalogic vigilance FIR matter. The appeal filed by Pinarayi and others is likely to be taken up on Saturday, with the court registry expected to list it accordingly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388181/cmrl-exalogic-case-pinarayi-supreme-court-order-high-court-appeal)