---
title: "'ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; പണിയെടുത്തത് ഞാന്‍... ജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ പ്രവര്‍ത്തിക്കുന്നു'; വിസ്റ്റഡോം കോച്ച് വിവാദത്തില്‍ മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി"
english_title: "Vistadome Coach Row: Kodikunnil Suresh Says He Did the Work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388104/vistadome-coach-row-kodikunnil-suresh"
published_at: "2026-10-21T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8d8fd5cfc1_vistadome-coach-row-kodikunnil-suresh.jpg"
keywords: ["VistadomeCoach", "KodikunnilSuresh", "NKPremachandran", "RailwayNews"]
---

# 'ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; പണിയെടുത്തത് ഞാന്‍... ജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ പ്രവര്‍ത്തിക്കുന്നു'; വിസ്റ്റഡോം കോച്ച് വിവാദത്തില്‍ മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

> **Lead Summary:** കൊല്ലം: വിസ്റ്റഡോം കോച്ച് അവകാശവാദപ്പോരില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ട്രെയിന്‍ കൊണ്ടുവരാന്‍ പണിയെടുത്തത് താനാണെന്നും ട്രെയിന്‍ വന്നതുകൊണ്ടല്ലേ കോച്ച് വന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

## Article Content

കൊല്ലം: വിസ്റ്റഡോം കോച്ച് അവകാശവാദപ്പോരില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ട്രെയിന്‍ കൊണ്ടുവരാന്‍ പണിയെടുത്തത് താനാണെന്നും ട്രെയിന്‍ വന്നതുകൊണ്ടല്ലേ കോച്ച് വന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

അങ്ങനെയെങ്കില്‍ താന്‍ പറയുന്നതില്‍ എന്താണ് തെറ്റ്. തനിക്കൊരു തര്‍ക്കവുമില്ല. ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് എല്ലാം നേടിയെടുക്കാന്‍ കഴിയുന്നത്.

അതിന് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മധുര-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് സംബന്ധിച്ചായിരുന്നു എംപിമാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ രംഗത്തെത്തിയത്.

ഇരുവരും ഫേസ്ബുക്കിലൂടെ അവകാശവാദങ്ങള്‍ ഉന്നയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കൊല്ലം മണ്ഡലത്തിലെ പുനലൂര്‍ വഴി സര്‍വീസ് നടത്തുന്ന മധുര-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ വിസ്റ്റഡോം കോച്ച് അനുവദിച്ചത് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

വൈകാതെ കോച്ച് കൊണ്ടുവരാന്‍ നടത്തിയ ഇടപെടല്‍ വിശദീകരിച്ച് കൊടിക്കുന്നില്‍ സുരേഷിന്റെ പി എ അബ്ദുള്ള ആസാദ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. സമയക്രമം ഉള്‍പ്പെടെ വിശദീകരിച്ചായിരുന്നു കുറിപ്പ്.

ഇതൊരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുന്നതിനോ മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതിനോ ഉള്ള വിഷയമല്ല. പൊതുപ്രവര്‍ത്തനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കുമ്പോള്‍ തീയതികള്‍ക്കും രേഖകള്‍ക്കും യഥാര്‍ത്ഥ ഇടപെടലുകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കണമെന്നും പി എ പറഞ്ഞിരുന്നു. തുടര്‍ന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വിശദീകരിച്ചത്.

പലരും ഇതില്‍ ഇടപെട്ടിട്ടുണ്ടാകും. അവകാശവാദ തര്‍ക്കത്തിന് താനില്ലെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. കൊടിക്കുന്നില്‍ അറിഞ്ഞാണോ അദ്ദേഹത്തിന്റെ പി എ ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചിരുന്നു.

ആദ്യമായി രാജ്യത്ത് വിസ്റ്റാഡോം ട്രെയിന്‍ അനുവദിച്ച സമയത്ത് തന്നെ ആവശ്യം ഉന്നയിച്ചതാണ്. താന്‍ ചെയ്ത കാര്യമാണ് പറഞ്ഞത്. കേരളത്തിന്റെ ടൂറിസം സാധ്യത മുന്‍നിര്‍ത്തിയാണ് റെയില്‍വേയുടെ നീക്കം.

നേരത്തെ പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അന്ന് ഉറപ്പ് നല്‍കിയതാണ്. കൊല്ലത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞത്.

Kodikunnil Suresh has responded to the Vistadome coach credit row, saying he worked for the train and that the coach came because the train was introduced. The dispute began after both he and N.K. Premachandran staked claims on social media over the Madurai-Guruvayur Express coach. Premachandran said several people may have been involved and that he was not interested in a credit war.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388104/vistadome-coach-row-kodikunnil-suresh)