---
title: "കൊച്ചിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; എസ്.ഐ. ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു, കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ കസ്റ്റഡിയിൽ"
english_title: "Gang Attack in Kochi Leaves SI and Constable Stabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387965/kochi-gang-attack-police-stabbed"
published_at: "2026-10-20T23:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7a72b18641_kochi-gang-attack-police-stabbed.jpg"
keywords: ["KochiNews", "PoliceAttack", "GangViolence", "KeralaCrime", "ArrestUpdate"]
---

# കൊച്ചിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; എസ്.ഐ. ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു, കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ കസ്റ്റഡിയിൽ

> **Lead Summary:** എറണാകുളം: കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ചു. ഞാറയ്ക്കൽ എസ്.ഐ. ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്.

## Article Content

എറണാകുളം: കൊച്ചിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ചു. ഞാറയ്ക്കൽ എസ്.ഐ. ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്.

ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയാണ് കൊലക്കേസ് പ്രതിയായ ആൾ പോലീസുകാരെ ആക്രമിക്കുന്നത്. പോലീസുകാരെ ഞാറയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തുന്നത്. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ മുന്ന എന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറിനെ മർദിച്ചത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് മർദനം തടയാൻ ശ്രമിച്ചതോടെയാണ് മുന്നയെന്നയാൾ എസ്.ഐ. ജിതിനെയും കോൺസ്റ്റബിൾ രാകേഷിനെയും കുത്തി പരിക്കേൽപ്പിച്ചത്. ഗുണ്ടകളുടെ ആക്രമണത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ സ്‌റ്റേഷനിൽ ചാർജ് എടുത്തത്.

ആക്രമണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുന്ന എന്ന് അറിയപ്പെടുന്ന പ്രജിത്ത്, അയാളുടെ സഹോദരനായ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

പ്രതികളെ പിടികൂടാനെത്തിയ മറ്റ് പോലീസുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുകയാണ്.

In Kochi, a group attack linked to a dispute involving private bus staff left two police officers injured, including Narakkal SI Jithin and constable Rakesh. Police have taken three people into custody, including a murder case accused known as Muna, identified as Prajith.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387965/kochi-gang-attack-police-stabbed)